സ്വന്തം ലേഖകന്‍: ‘എന്നെ ബഹ്റൈനിലേക്ക് അയക്കരുതേ!’ ബാങ്കോക്ക് കോടതിയോട് യാചിച്ച് ബഹ്റൈന്‍ മുന്‍ ഫുട്ബോള്‍ താരം ഹക്കീമി അല്‍ അറബി. ആഴ്ചകള്‍ നീണ്ട തടവിനൊടുവില്‍ ബഹ്റൈനിന്റെ മുന്‍ ദേശീയ ഫുട്ബോള്‍ താരം ഹക്കീം അല്‍ അറബിയെ ബാങ്കോക്കിലെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. ബാങ്കോക്കിലെ ക്ലോങ് പ്രേം ജയിലിലായിരുന്നു അദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. ബഹ്റൈനും തായ്ലന്ഡും തമ്മില്‍ പ്രതികളെ കൈമാറാനുള്ള കരാര്‍ പ്രകാരം താരത്തെ കൈമാറാനാണ് ബാങ്കോക്കിന്റെ നീക്കം.
‘എന്നെ ബഹ്റൈനിലേക്ക് അയക്കരുതേ,’ കേസ് വിസ്താരത്തിനിടെ ഹക്കീം അല്‍ അറബി ഉന്നയിച്ചത് ഇതു മാത്രമാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കാലുകള്‍ ചങ്ങലകൊണ്ട് ബന്ധിപ്പിച്ചാണ് ഹക്കീമിനെ ജയിലിലേക്ക് കൊണ്ടുപോയത്. തിരിച്ച് ബഹ്റൈനിലേക്ക് അയക്കരുതെന്ന് ജഡ്ജിയോട് ഹക്കീമി അപേക്ഷിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തനിക്കെതിരെയുള്ള ആരോപണങ്ങളെ നിഷേധിച്ച അല്‍ അറബി ബഹ്റൈനിലേക്ക് അയച്ചാല്‍ അവര്‍ പീഡിക്കുമെന്നും ജഡ്ജിയോട് പറഞ്ഞു. ഹക്കീമിയെ ബഹ്റൈന്‍ കൈമാറരുതെന്ന നിലപാടാണ് കോടതിയില്‍ ഒത്തുകൂടിയ രാജ്യാന്തര നയതന്ത്ര പ്രതിനിധികളും സ്വീകരിച്ചത്. പൊലീസ് സ്റ്റേഷന് തകര്‍ത്തെന്നാരോപിച്ച് 2014ലാണ് ബഹ്റൈല്‍ ഹക്കീമിയെ 10 കൊല്ലത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുന്നത്.
എന്നാല്‍ ആരോപണങ്ങളെ പൂര്‍ണമായും തള്ളിയ ഹക്കീമി ആ സമയത്ത് താന്‍ ടെലിവിഷനില്‍ കളി കാണുകയായിരുന്നുവെന്ന് വാദിച്ചെങ്കിലും തെളിവുകള്‍ എതിരായി. വിധി എതിരായതോടെ ഹക്കീമി ഓസ്ട്രേലിയയിലേക്ക് കടന്നു. ബഹ്റൈന്‍ പീഡിപ്പിക്കുമെന്നായിരുന്നു ആരോപണം.
രണ്ടു മാസം മുമ്പ് ഭാര്യയോടൊപ്പം ബാങ്കോക്കില്‍ ഹണിമൂണിനെത്തിയ ഹക്കീമിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബഹ്റൈന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്റ്ര്പോള് പുറത്തുവിട്ട റെഡ് നോട്ടീസ് പ്രകാരമായിരുന്നു അറസ്റ്റ്. എന്നാല്‍ ഈ നോട്ടീസ് പുറപ്പെടുവിച്ച് ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തതായി പിന്നീട് തെളിഞ്ഞു. എന്നാല്‍ ഹക്കീമിയെ തായ് കോടതി മോചിപ്പിക്കാന്‍ വിസമ്മതിക്കുകയും ബഹ്റൈനുമായുള്ള കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം നാടുകടത്താനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു.
ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ 10 വര്‍ഷം തടവിന് വിധിക്കപ്പെട്ട കുറ്റവാളിയാണ് ഹക്കീമിയെന്ന ബഹ്റൈന്‍ സര്‍ക്കാരിന്റെ നിലപാടാണ് ഇതിനു കാരണം. രണ്ട് വര്‍ഷം മുമ്പ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തപ്പോള്‍ ബഹ്റൈന്‍ അധികൃതരില്‍ നിന്ന് ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് ഹക്കീമി ആരോപിച്ചതും ബഹ്റൈനെ ചൊടിപ്പിച്ചിരുന്നു. ഹക്കീമിയുടെ കേസ് ഏപ്രിലില്‍ വാദം കേള്‍ക്കാന്‍ വച്ചിരിക്കുകയാണ് തായ് കോടതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല