സ്വന്തം ലേഖകന്‍: ലോക സൗന്ദര്യമത്സര വേദിയില്‍ മലയാളിത്തിളക്കം; ഓസ്ട്രേലിയയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങി തൃശൂര്‍ ആറ്റൂര്‍ സ്വദേശിനി. വിവാഹിതരായ സ്ത്രീകളുടെ ലോക സൗന്ദര്യ മത്സരത്തിലാണ് ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് തൃശൂര്‍ ആറ്റൂര്‍ സ്വദേശിനി സരിത മേനോന് പങ്കെടുക്കുന്നത്!. നേരത്തെ മിസിസ് ഓസ്ട്രേലിയ ആയി തെരഞ്ഞെടുക്കപ്പെട്ട സരിത മുംബൈയില്‍ ഉദ്യോഗസ്ഥനായ തൃശൂര്‍ ആറ്റൂര്‍ സ്വദേശികളായ കൃഷ്ണന്‍കുട്ടി നായരുടേയും രാധികയുടേയും മകളാണ്.
ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇപ്പോള്‍ താമസം. ഭര്‍ത്താവ് റാം മേനോന് സിഡ്നിയില്‍ ധനകാര്യ സ്ഥാപനം നടത്തി വരികയാണ്. രണ്ടു മക്കളുടെ അമ്മയായ ശേഷമാണ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തു തുടങ്ങിയത്. മിസിസ് ഓസ്ട്രേലിയ സൗന്ദര്യ മല്‍സരത്തില്‍ സരിത മേനോനായിരുന്നു ജേതാവ്. അടുത്ത നവംബറില്‍ മുംബൈയിലും ഡല്‍ഹിയിലുമായി നടക്കുന്ന മിസിസ് വേള്‍ഡ് സൗന്ദര്യ മത്സരത്തില്‍ സരിത ഓസ്ട്രേലിയയെ പ്രതിനിധീകരിക്കും.
മുംബൈയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും രക്ഷിതാക്കളുടെ നാടായ തൃശൂര്‍ ആറ്റൂരില്‍ പതിവായി വരാറുണ്ടെന്ന് സരിത പറയുന്നു. വിവാഹ ശേഷമാണ് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയത്. നേരത്തെ, മിസിസ് സൗത്ത് ഏഷ്യയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സരിത സൗന്ദര്യ മത്സരത്തില്‍ നിന്ന് ലഭിച്ച അവാര്‍ഡു തുക നാട്ടിലെ ചില നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കു കൈമാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല