സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റിന്റെ എയര്‍ ഫോഴ്സ് വണ്ണിനു ലഭിക്കുന്ന സുരക്ഷാ കവചം ഇനി എയര്‍ ഇന്ത്യ വണ്ണിനും; ഇന്ത്യ 190 മില്യന്‍ ഡോളറിന്റെ പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നു. യുഎസ് പ്രസിഡന്റിന്റെ എയര്‍ ഫോഴ്സ് വണ്ണിനു ലഭിക്കുന്നതിനു സമാനമായ സുരക്ഷ ഇനി എയര്‍ ഇന്ത്യ വണ്ണിനും ലഭ്യമാകും. ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വിമാനങ്ങള്‍ക്ക് ഇനി കൂടുതല്‍ മിസൈല്‍വേധ കരുത്ത്.
രണ്ട് അത്യാധുനികമായ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്കു നല്കാന് അമേരിക്ക തീരുമാനിച്ചിതിലൂടെയാണ് യു എസിനൊപ്പം മിസൈല്‍വേധ കരുത്ത് ഇന്ത്യക്കും സ്വന്തമായത്. 190 മില്യന്‍ ഡോളര്‍ മൂല്യമുള്ള പ്രതിരോധ സംവിധാനങ്ങളാണ് എയര്‍ ഇന്ത്യ വണ്ണിന് ഉപയോഗിക്കുക. യുഎസ് ഇന്ത്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന നീക്കമാണ് ഇതെന്ന് പെന്റഗണ്‍ പ്രതികരിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്കു നേരെയുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അഭ്യര്‍ഥന കൂടി കണക്കിലെടുത്താണു നിര്‍ണായക തീരുമാനം.ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്സ്, സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്ട് എന്നിവ 190 മില്യന്‍ കച്ചവടം നടത്തുന്നതിനാണ് ട്രംപ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. യുഎസ് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി (ഡിഎസ്സിഎ) ബുധനാഴ്ച യുഎസ് കോണ്‍ഗ്രസില്‍ ഇക്കാര്യം അറിയിച്ചു.
പുതിയ സംവിധാനങ്ങള്‍ സജ്ജമാക്കാനായി എയര്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ആലോചിക്കുന്നുണ്ട്. ഉയര്‍ന്ന പ്രതിരോധ സാങ്കേതിക വിദ്യകള്‍ കൂടി ലഭ്യമാകുന്നതോടെ മേഖലയില്‍ ഇന്ത്യയ്ക്കെതിരെയുള്ള ഭീഷണികള്‍ക്കുള്ള മറുപടി കൂടിയാകും. ഇങ്ങനെയൊരു സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഇന്ത്യയ്ക്കു യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും പെന്റഗണ്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല