സ്വന്തം ലേഖകന്‍: യുഎസില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ബാലിക ഷെറിന് മാത്യൂസിന്റെ മലയാളികളായ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകമായി വിചാരണ ചെയ്യും. യുഎസിലെ ടെക്സസില്‍ 2017 ഒക്ടോബറില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ബാലിക ഷെറിന് മാത്യൂസിന്റെ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകമായി വിചാരണ ചെയ്യുമെന്ന് റിപ്പോര്‍ട്ട്.
മലയാളി ദന്പതികളായ വെസ്ലി മാത്യൂസിന്റെയും(38) സിനി മാത്യൂസിന്റെയും(35) വളര്‍ത്തു പുത്രിയായിരുന്നു മുന്നു വയസുകാരി ഷെറിന്. ബിഹാറിലെ അനാഥാലയത്തില്‍നിന്നു 2016ലാണു കുട്ടിയെ ദത്തെടുത്തത്. ടെക്സസിലെ റിച്ചാര്‍ഡ്സണിലെ വസതിക്കു സമീപമുള്ള കലുങ്കിനടിയില്‍നിന്ന് 2017 ഒക്ടോബര്‍ 22നാണു മൃതദേഹം കണ്ടെടുത്തത്.
പാല് കുടിക്കാത്തതിനു ശിക്ഷയായി വെളുപ്പിനു മൂന്നു മണിക്കു വീടിനു പുറത്തുനിര്‍ത്തിയ ഷെറിനെ പിന്നീട് കാണാതായെന്നാണ് ആദ്യം വെസ്ലി പറഞ്ഞത്. പാല് തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ചെന്നു പിന്നീടു തിരുത്തിപ്പറഞ്ഞു. മൃതദേഹം കലുങ്കിനടിയില്‍ കൊണ്ടുചെന്നിട്ടെന്നും സമ്മതിച്ചു.
അറസ്റ്റിലായ ഇരുവരും ഇപ്പോള്‍ ഡാളസ് കൗണ്ടി ജയിലിലാണ്. വെസ്ലിയുടെ വിചാരണ ഏപ്രില്‍ അഞ്ചിനും സിനിയുടെ വിചാരണ മാര്‍ച്ച് 15നും നടത്തും. ഇരുവരെയും ഒരുമിച്ചു വിചാരണ ചെയ്യണമെന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടെങ്കിലും പ്രത്യേക വിചാരണ വേണമെന്ന സിനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
കുട്ടിയെ ഒറ്റയ്ക്കാക്കി പോയെന്നാണു സിനിയുടെ പേരിലുള്ള കുറ്റം. പത്തുവര്‍ഷംവരെ തടവും പതിനായിരം ഡോളര്‍ പിഴയും കിട്ടാവുന്ന കുറ്റമാണിത്. ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുട്ടിയെ മാരകമായി പരിക്കേല്പ്പിക്കലാണ് വെസ്ലിയുടെ പേരിലുള്ള കേസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല