സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ്; അയര്‍ലന്‍ഡിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി തെരേസാ മേയ്; ഇയു തൊഴിലാക്കികള്‍ ബ്രിട്ടനെ കൈയ്യൊഴിയുന്നു; ബ്രെക്സിറ്റ് അനിശ്ചിതത്വത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബ്രക്സിറ്റ് നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ ആവശ്യപ്പെടുക എന്ന ലക്ഷ്യവുമായി ബ്രസല്‍സ് സന്ദര്‍ശിച്ചതിനു ശേഷമാണ് മേയ് അയര്‍ലന്‍ഡില്‍ എത്തിയത്.
ബ്രസില്‍സ് സന്ദര്‍ശനത്തില്‍ യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനേയും യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ടസ്കിനേയും നേരില്‍ കണ്ട മേയ് തന്റെ ബ്രെക്സിറ്റ് കരാറിന് യൂറോപ്യന്‍ യൂണിയന്റെ പിന്തുണ നേടിയതായാണ് റിപ്പോര്‍ട്ട്. ഈ പിന്തുണ യു.കെ പാര്‍ലമെന്റില്‍ വലിയ മുതല്‍കൂട്ടാകുമെന്നാണ് മേയ് കണക്കാക്കുന്നത്.
ഇയു ചര്‍ച്ചയിലെ പ്രധാന ഊന്നല്‍ വടക്കന്‍ അയര്‍ലന്‍ഡ് അതിര്‍ത്തി പ്രശ്നം തന്നെയായിരിന്നു. അതിര്‍ത്തിയില്‍ വലിയ തോതില്‍ നിയന്ത്രണങ്ങള്‍ വേണ്ടതില്ലെന്ന ബാക്സ്റ്റോപ് നിലപാട് തന്നെയാണ് മേയ് മുറുക്കെപ്പിടിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറിനെ അനുനയിപ്പിക്കുക എന്നതാണ് ഇനി മേയുടെ മുന്നിലെ പ്രധാന വെല്ലുവിളി.
അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്ക്കറുമായുള്ള മേയുടെ കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു നിന്നതായാണ് സൂചന. ചര്‍ച്ച വിലപേശലിനുള്ള വേദിയായിരുന്നില്ലെന്നും വടക്കന്‍ അയര്‍ലന്‍ഡിനെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും വരദ്ക്കര്‍ വ്യക്തമാക്കി. അടുത്ത പാര്‍ലമെന്റ് വോട്ടിന് മുമ്പ് ഇയുവിന്റേയും അയര്‍ലന്‍ഡിന്റേയും പിന്തുണ ഉറപ്പാക്കുകയാണ് മേയുടെ തിരക്കിട്ട നീക്കങ്ങള്ടെ ഉന്നം.
അതിനിടെ യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ബ്രിട്ടനിലെ ജോലികളോടുള്ള താത്പര്യം കുറയുന്നു എന്ന് കണക്കുകള്‍. ലോകത്തെ ഏറ്റവും വലിയ ജോബ് സെര്‍ച്ച് എന്‍ജിനുകളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. ബിബിസി ന്യൂസാണ് ജോബ് സെര്‍ച്ച് എന്‍ജിനുകളില്‍നിന്നുള്ള കണക്കുകള്‍ അവലോകനം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കിയത്. 2015 മുതല്‍ ബ്രിട്ടീഷ് ജോലികള്‍ക്കായുള്ള തെരച്ചില്‍ കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രെക്സിറ്റ് അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തി. പലിശ നിരക്ക് 0.75 ശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള അറിയിപ്പില്‍ 2019ലെ വളര്‍ച്ചാനിരക്ക് പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലായിരിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് പ്രവചിച്ചു. മൂന്നു മാസം മുമ്പ് 1.7 ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നതെങ്കില്‍ ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തില്‍ 1.2 ശതമാനമായി വളര്‍ച്ചാനിരക്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൗണ്ടിന്റെ മൂല്യം ഇടിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല