ലണ്ടന്‍: ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം റാങ്കിനായി ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് എഡ്ജ്ബാസ്റ്റണില്‍ മത്സരിക്കാനിറങ്ങുന്നു. എഡ്ജ്ബാസ്റ്റണില്‍ തോറ്റാല്‍ ഇന്ത്യക്ക് രണ്ട് വര്‍ഷത്തോളമായി നിലനിര്‍ത്തിപോന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാര്‍ എന്ന പദവി നഷ്ടമാവും. ആദ്യ രണ്ട് മത്സരങ്ങളും വന്‍ മാര്‍ജിലിന് ജയിച്ച ഇംഗ്ലണ്ടിനാവട്ടെ ഇവിടെക്കൂടി ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ കുറെക്കാലത്തിന് ശേഷം ഒന്നാം റാങ്ക് സ്വന്തമാക്കാം.
ആദ്യരണ്ട് ടെസ്റ്റിലും തോല്‍വി വഴങ്ങിയതിന് പുറമെ സന്നാഹമത്സരത്തില്‍ കൗണ്ടിക്ലബ്ബായ നോര്‍ത്താപ്ടന്‍ഷെയറിനെതിരെയും തോറ്റത് ഇന്ത്യന്‍ താരങ്ങളെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. തോല്‍വിക്ക് പുറമെ വിടാതെ പിന്തുടരുന്ന പരിക്കും ഇന്ത്യന്‍ ടീമിന് വിനയാവുന്നു. മൂന്ന് പ്രധാന താരങ്ങളെയാണ് പരമ്പരക്കിടെ പരിക്ക് പിടികൂടിയത്. പേസ് ബൗളര്‍ സഹീര്‍ ഖാന്‍, മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്, ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് എന്നിവരില്ലാതെയാണ് മൂന്നാം ടെസ്റ്റിന് ഇന്ത്യയിറങ്ങുന്നത്.
സഹീറിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ്ങിന് എത്രത്തോളം മൂര്‍ച്ചയുണ്ടായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സഹീറിന് പകരം ടീമിലിടം പിടിച്ച ആര്‍ പി സിങ് 2009ലെ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യാടനത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്നു എന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ അവസാന ഇലവനില്‍ ആര്‍ പി സിങ് ഇടം പിടിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
കഴിഞ്ഞ മത്സരങ്ങളിലെ പോലെ മൂന്ന് പേസ് ബൗളര്‍മാര്‍ ഒരു സ്‌പെഷലിസ്റ്റ് സ്പിന്നര്‍ എന്നിങ്ങനെയാവും ഇന്ത്യയുടെ ബൗളിങ് അറ്റാക്കിന്റെ ഘടന. അങ്ങിനെയെങ്കില്‍ ഹര്‍ബജന് പകരം ഓജയോ അമിത് മിശ്രയെ അവസാന പതിനൊന്നില്‍ സ്ഥാനം കണ്ടെത്തിയേക്കാം.
സെവാഗിന്റെ തിരിച്ച് വരവ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തും. എന്നാല്‍ സന്നാഹമത്സരത്തില്‍ തിളങ്ങാനാവാതെ പോയത് സേവാഗിന്റെ ഫോമില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. മുന്‍നിരക്കാരില്‍ വി.വി.എസ്. ലക്ഷ്മണും ഗൗതം ഗംഭീറും സുരേഷ് റെയ്‌നയും നീണ്ട ഇന്നിങ്‌സുകള്‍ കളിക്കാതെയാണ് പുറത്തായത്. പരമ്പരയിലുടനീളം പരാജയമായ ക്യാപ്റ്റന്‍ ധോനിയുടെ ഫോമും ഇന്ത്യയെ കുഴക്കുന്നു.
ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടിയ രാഹുല്‍ ദ്രാവിഡിനൊപ്പം കടലാസിലെങ്കിലും കരുത്തരായ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കുയമരുമെന്നും അതിലൂടെ പരമ്പരയിലാദ്യമായി ഒരു മത്സരം വിജയിക്കാമെന്നും തന്നെയാണ് ഇന്ത്യന്‍ ക്യാംപിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല