സ്വന്തം ലേഖകന്‍: ഡല്‍ഹി ഹോട്ടലിലെ തീപിടിത്തം; മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച നാട്ടിലെത്തിക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങളും ബുധനാഴ്ച നാട്ടിലെത്തിക്കും. ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നും പുറപ്പെടുന്ന വിമാനത്തില്‍ മൃതദേഹങ്ങള്‍ നെടുമ്പാശേരിയില്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സര്‍ക്കാര്‍ ചിലവിലായിരിക്കും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്
ചോറ്റാനിക്കര എരുവേലി സ്വദേശി ജയശ്രീ (53), ഇവരുടെ അമ്മ നളിനിയമ്മ, ബന്ധു വിദ്യാസാഗര്‍ എന്നിവരാണ് ദുരന്തത്തില്‍ മരിച്ച മലയാളികള്‍. ജയശ്രീയുടെ മരണം പുലര്‍ച്ചെ തന്നെ സ്ഥിരീകരിച്ചിരുന്നു. ബാക്കി രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ ആശുപത്രിയില്‍ വച്ചാണ് തിരിച്ചറിഞ്ഞത്. നളിനയമ്മയുടെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് 13 അംഗ മലയാളി സംഘം ഡല്‍ഹിയില്‍ എത്തിയത്.
ഗാസിയാബാദിലായിരുന്നു വിവാഹ ചടങ്ങുകള്‍. ഏഴാം തീയതിയാണ് ഇവര്‍ കേരളത്തില്‍നിന്നും ഡല്‍ഹിക്ക് പുറപ്പെട്ടത്. വിവാഹത്തിനു ശേഷം താജ്മഹല്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച സംഘം ചൊവ്വാഴ്ച ഹരിദ്വാറിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം. അഞ്ച് നിലയിലുള്ള ഹോട്ടല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു മലയാളി സംഘം താമസിച്ചിരുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.എല്ലാവരും ഉറക്കത്തിലായിരുന്നതിനാല്‍ തന്നെ രക്ഷപെടാന്‍ പലര്‍ക്കും സാധിച്ചില്ല. നിമിഷനേരം കൊണ്ട് തീ ആളിപ്പടരുകയും ചെയ്തു.ഇരുപതോളം ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി രാവിലെ ഏഴോടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
തിപിടുത്തത്തില്‍ ആകെ 20 പേര് മരിച്ചു. നിരവധി പേര്‍ക്ക് പൊളളലേറ്റിട്ടുണ്ട്. അഞ്ച് നില കെട്ടിടത്തിലെ 48 മുറികളില്‍ 40 മുറികളിലും താമസക്കാര്‍ ഉണ്ടായിരുന്നു. തീ പടരുന്പോള്‍ താമസക്കാര്‍ ഉറക്കമായിരുന്നു.തീ ആളിപടരുന്നത് മുകള്നിലയില്നിന്വ് ചാടിയ രണ്ടുപേരും മരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല