സ്വന്തം ലേഖകന്‍: സൗദിയില്‍ ബിനാമി ബിസിനസിന് കര്‍ശന വിലക്ക്; പിടികൂടിയാല്‍ 2 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും. സൗദിയില്‍ ബിനാമി ബിസിനസുകാരെ പൂട്ടാന്‍ കര്‍ശന പദ്ധതികള്‍ക്ക് രൂപം നല്കുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ബിനാമി ബിസിനസ്സ് വിരുദ്ധ ദേശീയ പദ്ധതി നടപ്പിലാക്കുന്നത്.
ബിനാമി ബിസിനസുകള്‍ക്ക് തടയിടുകയും വിവിധ വാണിജ്യ നിക്ഷേപ മേഖലകളില്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനാവശ്യമായ പിന്തുണയും വായ്പ്പകളും നല്കി സ്വദേശികളായ സംരംഭകരെ പ്രോത്സാഹിപ്പിക്കും. സാമ്പത്തിക ഇടപാടുകള്‍ വ്യവസ്ഥാപിതമാക്കുകയും സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും വിധമുള്ള പണമൊഴുക്ക് കര്‍ശനമായും തടയുകയും ചെയ്യും. ബിനാമി ബിസിനസ്സ് കേസില്‍ പിടിക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.
കുറ്റക്കാരാകുന്ന വിദേശികളും അവര്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്ന സ്വദേശികളും ഒരുപോലെ ശിക്ഷ അനുഭവിക്കേണ്ടിവരും. കൂടാതെ നിയമലംഘകരായ വിദേശികളെ നാടുകടത്തുകയും സ്വദേശികള്‍ക്ക് അതേ മേഖലയില്‍ ബിസിനസ്സുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. വിവിധ ബിനാമി കേസുകളില്‍ പ്രതികള്‍ക്ക് 2017, 2018 വര്‍ഷങ്ങളില്‍ 10.5 ദശലക്ഷം റിയാലാണ് വിവിധ കോടതികള്‍ പിഴ ചുമത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല