1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 15, 2019

സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതായി റിപ്പോര്‍ട്ട്; അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ പ്രശംസിച്ച് ലോകം. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ഇടപെടലാണ് സിറിയയില്‍ ഇസ്!ലാമിക് സ്റ്റേറ്റിന്റെ ശക്തി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ ഐ.എസ് തീവ്രവാദികള്‍ സിറിയയില്‍ പിടിമുറുക്കിയതിന് ശേഷം ദുരിതമയമായിരുന്നു സിറിയന്‍ ജനതയുടെ ജീവിതം.

എന്നാല്‍ ഇപ്പോള്‍ സിറിയയില്‍ നൂറിലധികം ഐ.എസ് തീവ്രവാദ സംഘടനകള്‍ മാത്രമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐ.എസ് തീവ്രവാദികളുടെ കുടുംബം ഇന്ന് അനുഭവിക്കുന്നത് ദുരിത പൂര്‍ണമായ ജീവിതമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍ ശക്തികളുടെ സൈനിക ഇടപെടലും സിറിയയില്‍ നിന്നും ഐ.എസ് ഭീകരരെ തുടച്ചു നീക്കുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഏപ്രിലില്‍ അമേരിക്ക സൈന്യത്തെ പിന്‍വലിക്കുകയാണെങ്കില്‍ ഐഎസ് ഭീകരര്‍ വീണ്ടും തിരിച്ചുവരാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. തീവ്രവാദികളെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിനായി സിറിയന്‍ സൈന്യം എല്ലാ മേഖലകളിലും തെരച്ചിലുകള്‍ ഊര്‍ജിതമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റം നല്ല തുടക്കമാണെന്ന് റഷ്യയും തുര്‍ക്കിയും ഇറാനും. മൂന്ന് രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്ത കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയില്‍ സ്ഥിരതയുള്ള സര്‍ക്കാരിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കി.

സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഖാനും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയും കൂടിക്കാഴ്ച നടത്തിയത്. സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യയാണ് ഉച്ചകോടിക്ക് വേദിയായത്. സോചിയിലെ ബ്ലാക് സീ റിസോര്‍ട്ടിലായിരുന്നു കൂടിക്കാഴ്ച.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.