സ്വന്തം ലേഖകന്‍: 20 വര്‍ഷത്തിനിടെ കശ്മീരില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 44 ആയി; ഒരാള്‍ മലയാളി; പിന്നില്‍ പാകിസ്താനെന്ന് ഇന്ത്യ; 15 ഗ്രാമങ്ങള്‍ വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭികാരാക്രമണത്തില്‍ 44 സിആര്‍പിഎഫ്. ജവാന്മാര്ക്ക് വീരമൃത്യു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ മലയാളിയും കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് മരിച്ചത്.
സിആര്‍പിഎഫിന്റെ എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം. പാക്കിസ്ഥാന് ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്. വയനാട് വൈത്തിരി കുന്നത്തിടവക വില്ലേജില്‍ വെറ്ററിനറി കോളേജിന് സമീപം പരേതനായ വാസുദേവന്റെ മകനാണ് വീരമൃത്യു വരിച്ച മലയാളി വി.വി.വസന്തകുമാര്‍.
ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.25 നാണ്, ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റി ഭീകരന് പൊട്ടിത്തെറിക്കുകയായിരുന്നു. വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര് സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ സ്കോര്‍പ്പിയോ വാഹനം ഇടിച്ചു കയറ്റിയത്.
ജയ്ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്ഷെ മുഹമ്മദില്‍ ചേര്‍ന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തില്‍ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. ഉഗ്രസ്ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.
ശ്രീനഗറിലെത്താന്‍ 30 കിലോമീറ്റര്‍ മാത്രം ശേഷിക്കെയായിരുന്നു ഉഗ്രസ്ഫോടനം. ജവാന്മാരിലധികവും അവധികഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയവരായിരുന്നു. ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നും തിരിച്ചടിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രാജ്യസുരക്ഷയ്ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വെള്ളിയാഴ്ച രാവിലെ അടിയന്തര യോഗം ചേരും.
അന്വേഷണത്തിനായി 12 അംഗ എന്‍ഐഎ സംഘം ജമ്മു കശ്മീരിലെത്തും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. നിന്ദ്യമായ ആക്രമണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഈ ആക്രമണത്തെ അപലപിക്കാന്‍ മതിയായ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.
സമീപകാലത്ത് കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആര്‍പിഎഫ് ജവാന്മാര്ക്ക് നേരെ ഉണ്ടായിരിക്കുന്നത്. 1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരില്‍ ഉണ്ടായ 18ാമത്തെ വലിയ ആക്രമണവും. 2016 സെപ്റ്റംബര്‍; 18ന് ഉറിയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം സേനയ്ക്ക് വലിയതോതില്‍ ആള്‍നാശം ഉണ്ടായ ഭീകരാക്രമണം കൂടിയാണ് ഇത്.
അതേസമയം ഭീകരാക്രമണത്തിന് പശ്ചാത്തലത്തില്‍ പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തി പാകിസ്താന് നിയന്ത്രിക്കുന്ന ജയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നും സ്വന്തം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ നിയന്ത്രിക്കാന്‍ പാകിസ്താന് തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്താന്‍ അന്തരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല