സ്വന്തം ലേഖകന്‍: സൗദിയില്‍ ഭീതി പരത്തി വീണ്ടും കൊറോണ വൈറസ്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍. സൗദിയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഒരാഴ്ച്ചക്കിടെ ഒരാള്‍ മരിക്കുകയും 24 പേര്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളാണ് വൈറസിന്റെ ഉറവിടമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2012 മുതലാണ് മെര്‍സ് കൊറോണ വൈറസ് പ്രചരിച്ച് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 27 രാജ്യങ്ങളിലായി 2274 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 806 പേര്‍ മരിക്കുകയും ചെയ്തു. മരിച്ചവരില്‍ 80 ശതമാനം പേരും സൗദിയിലുള്ളവരായിരുന്നു.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 773 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. കഴിഞ്ഞ ആഴ്ച വീണ്ടും സൗദിയില്‍ നിരവധിപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
രോഗം ബാധിച്ചവരില്‍ 65 ശതമാനം പേരും റിയാദ് പ്രവശ്യയിലെ വാദി അല്‍ ദവാസിര്‍ നിവാസികളാണ്. ബുറൈദ, ഖമീസ് മുശൈത്ത് തുടങ്ങിയ സ്ഥലങ്ങളിലും ഒറ്റപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒട്ടകങ്ങളാണ് കൊറോണ വൈറസുകളുടെ പ്രഭവ കേന്ദ്രമെന്നാണ് കണ്ടെത്തല്‍. രോഗം പടരാതിരിക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല