സ്വന്തം ലേഖകന്‍: ഹെയ്ത്തിയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം; അവശ്യമരുന്നുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും ഇല്ലാതെ ആശുപത്രികളില്‍ പ്രതിസന്ധി. ജനകീയ പ്രക്ഷോഭം തുടരുന്ന ഹെയ്ത്തിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. അവശ്യമരുന്നുകളുടേയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ രാജി ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് തുടങ്ങിയതാണ് ജനകീയ പ്രക്ഷോഭം. പണപ്പെരുപ്പവും പ്രസിഡന്റിനെതിരായ അഴിമതി ആരോപണവും ഉന്നയിച്ചാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പൊലീസും പ്രതിഷേധക്കാരും നിരവധി തവണയാണ് തെരുവില്‍ ഏറ്റുമുട്ടിയത്. വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.
ഏഴ് പേരാണ് അക്രമ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ അവശ്യവസ്തുക്കളുടെ ക്ഷാമം നേരിടുകയാണ് രാജ്യത്ത്. കഴിഞ്ഞ പത്ത് ദിവസമായി ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് ആുപത്രികളില്‍ എത്താന്‍ കഴിയുന്നില്ല. മരുന്നുകളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ക്ഷാമം നേരിടുകയാണ് ആശുപത്രികള്‍. ആവശ്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ പല ആശുപത്രികളിലെ ഭൂരിഭാഗം കിടക്കകളും ഒഴിഞ്ഞു കിടക്കുന്നു.
അക്രമം അതിരുവിട്ട സാഹചര്യത്തില്‍ പ്രക്ഷോഭകര്‍ സമാധാനം പാലിക്കണമെന്ന് പ്രധാനമന്ത്രി ജീന്‍ ഹെന്റി സീന്റ് ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. എന്നാല്‍ പ്രസിഡന്റ് രാജിവെക്കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല