1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2019

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയില്‍ കലാപം; ഏഴ് എംപിമാര്‍ രാജിവെച്ചു; ബ്രെക്‌സിറ്റ് വിഷയത്തില്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന് രൂക്ഷ വിമര്‍ശനം. നേതൃത്വത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടനില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടിയിലെ ഏഴ് എംപിമാര്‍ രാജിവെച്ചത്. നിലവിലെ രീതി മാറ്റാന്‍ ജെറമി കോര്‍ബിന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡര്‍ ടോം വാട്‌സണ്‍ മുന്നറിയിപ്പ് നല്‍കി.

ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ നിര്‍ണായക വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം മറനീക്കി പുറത്തുവന്നത്. ബ്രെക്‌സിറ്റ് വിഷയത്തിലും യഹൂദരോടുള്ള നിലപാടുകളിലും പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ആശയങ്ങളുമായി യോജിക്കാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് കോര്‍ബിന്‍ അകലുന്നതായും അംഗങ്ങള്‍ പറയുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന പാര്‍ട്ടിയുടെ നിലപാട് ശക്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ കോര്‍ബിന് കഴിഞ്ഞില്ലെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടിയെ രക്ഷിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ തങ്ങളൊടൊപ്പം ചേരുമെന്നാണ് പുറത്ത് പോയവരുടെ പ്രതീക്ഷ. പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും പാര്‍ലമെന്റില്‍ സ്വതന്ത്രമായ സംഘമായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. ബ്രെക്‌സിറ്റില്‍ വീണ്ടും ജനഹിത പരിശോധന വേണമെന്നാണ് ഇവരുടെ ആവശ്യം. എംപിമാരുടെ തീരുമാനം ദൌര്‍ഭാഗ്യകരമാണെന്ന് കോര്‍ബിന്‍ പ്രതികരിച്ചു.

ലേബര്‍ പാര്‍ട്ടിയില്‍ ജനങ്ങള്‍ വലിയ വിശ്വാസം സൂക്ഷിച്ചിട്ടുണ്ടെന്നും അത് മനസിലാക്കാന്‍ പലര്‍ക്കും കഴിയാതെ പോയെന്നും അദ്ദേഹം പറഞ്ഞു. 1981ല്‍ നാല് എംപിമാര്‍ കൂറുമാറി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചശേഷം ലേബര്‍ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ പിളര്‍പ്പാണിത്. ബ്രെക്‌സിറ്റ് സംബന്ധിച്ച് തെരേസാ മേ കൊണ്ടുവന്ന പ്‌ളാന്‍ ബിയും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ കരാര്‍ ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.