സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി; വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് മോദി: ഇരുനേതാക്കളും തമ്മില്‍ അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചേക്കും. ദല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചത്.
സന്ദര്‍ശനത്തിനിടെ ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണു സൂചന. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ ഔദ്യോഗിക സ്വീകരണത്തിനു ശേഷം 12നു പ്രധാനമന്ത്രിയുമായി ചര്‍ച്ച. തുടര്‍ന്നാണു കരാറുകള്‍ ഒപ്പിടുക.
ഒറ്റ പര്യടനത്തില്‍ പാക്കിസ്ഥാന്, മലേഷ്യ, ഇന്തൊനീഷ്യ, ഇന്ത്യ, ചൈന എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണു മുഹമ്മദ് ബിന്‍ സല്മാന് തീരുമാനിച്ചിരുന്നത്. പിന്നീടു മലേഷ്യ, ഇന്തൊനീഷ്യ രാജ്യങ്ങളിലെ പര്യടനം റദ്ദാക്കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് സന്ദര്‍ശനം അവസാനിപ്പിച്ച് സൗദിയിലേക്കു മടങ്ങിയ മുഹമ്മദ് ബിന്‍ സല്മാന്, പിന്നീട് ഇന്ത്യയിലേക്കു മാത്രമായി യാത്ര തിരിക്കുകയായിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്, ഇന്ത്യ സന്ദര്‍ശനങ്ങളെ കൂട്ടിക്കെട്ടാന്‍ സൗദി കിരീടാവകാശി തയാറായില്ല.ഭീകരാക്രമണത്തിനുശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണു മുഹമ്മദ് ബിന്‍ സല്മാന് പാകിസ്ഥാനില്‍നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി കിരീടാവകാശിയുമായി അതിര്‍ത്തി ഭീകരവാദമടക്കം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. സന്ദര്‍ശനവേളയില്‍ ഇന്ത്യയും സൗദിയും ഭീകരവാദത്തെ അപലപിച്ചുകൊണ്ട് സംയുക്ത പ്രസ്താവന ഇറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല