അലീഷാ രാജീവ് എന്ന തങ്ങളുടെ വാവച്ചിയുടെ വേര്‍പാടിന്റെ വേദനയിലും ആ പുഞ്ചിരി പ്രഭയുടെ ഓര്‍മകളുമായി ഫെബ്രുവരി 24 നു ചെല്‍ട്ടന്‍ഹാം പ്രെസ്ബറി ഹാളില്‍ വെച്ചാണ് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികള്‍ ഒത്തു ചേരുന്നത്. 2015 ജൂണ്‍ മാസം 28 ആം തിയതിയാണ് അര്‍ബുദ രോഗത്തിന് കീഴടങ്ങി അലീഷ ഈ ലോകത്തില്‍ നിന്നും വിട പറഞ്ഞത്.
പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറ ദീപമായിരുന്ന അലീഷ രാജീവിന്റെ സ്മരണയില്‍ ഇത് മൂന്നാം തവണയാണ് അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശയുമായി അവര്‍ ഒരുമിക്കുന്നത്. ജി എം എ യുടെ കലാ കായിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന അലീഷയുടെ പേരിലുള്ള ഈ ചാരിറ്റി നിശക്ക് നേതൃത്വം നല്‍കുന്നത് ജി എം എ ചെല്‍ട്ടന്‍ഹാം യുണിറ്റ് ആണ്. ഈ ചാരിറ്റിയിലൂടെ സ്വരുക്കൂട്ടുന്ന തുക മുഴുവന്‍ ഗ്ലോസ്റ്റെര്‍ഷെയര്‍ എന്‍ എച് എസ് ചാരിറ്റി ഫൗണ്ടേഷനിലേക്കാണ് സംഭാവന നല്‍കുന്നത്.
2017 ലെ ആദ്യ അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ചാരിറ്റി നിശ വഴി കുഞ്ഞു പ്രായത്തില്‍ തന്നെ കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ മൂലം പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുന്ന കുരുന്നുകളുടെ അവസാന ആഗ്രഹ സഫലീകരണത്തിനായി പ്രവര്‍ത്തിക്കുന്ന മെയ്ക്ക് എ വിഷ് എന്ന ചാരിറ്റിക്കായി ഏതാണ്ട് മൂവായിരത്തില്‍ അധികം പൗണ്ട് ആണ് സമാഹരിച്ചു നല്‍കുവാന്‍ സാധിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഗ്ലോസ്റ്റെര്‍ഷെയര്‍ എന്‍ എച് എസ് ചാരിറ്റി ഫൗണ്ടേഷനിലൂടെ ചെല്‍ട്ടന്‍ഹാം ജനറല്‍ ഹോസ്പിറ്റലിലേക്കായി ഒരു ഇ സി ജി മെഷീനും നല്‍കുവാന്‍ സാധിച്ചു .
വൈകിട്ട് 5 മണിയോടെ അലീഷക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ തരത്തിലുള്ള നൃത്ത നൃത്യങ്ങള്‍ക്കൊപ്പം ചെല്‍റ്റന്‍ഹാമിലെ യുവ പ്രതിഭകള്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ കോണ്‍സെര്‍ടും ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം റാഫിള്‍ നറുക്കെടുപ്പ് , ലേലം തുടങ്ങിയ ഇതര വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
ജി എം എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് പ്രസിഡന്റ് ജോ വില്‍ട്ടന്‍, സെക്രട്ടറി ബിസ് പോള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റിയാണ് ഈ ചാരിറ്റി നെറ്റിന് മേല്‍നോട്ടം വഹിക്കുന്നത്. ഏവരെയും അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് എന്ന ഈ ചാരിറ്റി നൈറ്റിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ് ജി എം എ. പരിപാടിയില്‍ പങ്കെടുക്കുന്നതിന് യാതൊരു വിധത്തിലുള്ള ഫീസും നല്‍കേണ്ടതില്ല. പ്രവേശനം തികച്ചും സൗജന്യമാണ്.
ജി എം എ ചെല്‍ട്ടന്‍ഹാം യൂണിറ്റിലെ കുടുംബാങ്കങ്ങള്‍ തന്നെ ഒരുക്കി കൊണ്ട് വരുന്ന സ്വാദിഷ്ടമായ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാണ് .
അലീഷ ദി ലൈറ്റ് ഹൌസ് ഓഫ് ഹോപ്പ് ചാരിറ്റി നൈറ്റ് നടക്കുന്ന ഹാളിന്റെ അഡ്രസ്:
Prestbury Hall
Bouncers Lane
Cheltenham
GL52 5JF
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോ വില്‍ട്ടന്‍ 07867309319
ബിസ് പോള്‍ 07882058220
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല