സ്വന്തം ലേഖകന്‍: പെരിയ ഇരട്ടകൊലപാതകം; പീതാംബരനെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഒരാള്‍ കൂടി പിടിയില്‍. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് എച്ചിലടക്ക സ്വദേശി സജി ജോര്‍ജ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കൊലയാളി സംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. സജി ജോര്‍ജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സിപിഐഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. ഇയാള്‍ സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനാണ്. സജിയെ കൂടാതെ മറ്റ് അഞ്ച് പേര് കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നുമാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.
അതേസമയം, കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്നാണ് സൂചന. സിബിഐ അന്വേഷമെന്ന ആവശ്യം ഉയരുമ്പോഴാണ് സര്‍ക്കാരിന്റെ നീക്കം. കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് ഇന്ന് സന്ദര്‍ശിക്കും.
പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ പ്രതിയായ സി.പി.ഐ.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിന് ശേഷം വൈകുന്നേരത്തോടെയാണ് പീതാംബരനെ കോടതിയില്‍ ഹാജരാക്കിയത്.
പീതാംബരന്റെ സാനിധ്യത്തില്‍ പൊലീസ് രാവിലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് കൊലക്കുപയോഗിച്ച ഇരുമ്പ് ദണ്ഡുകളും വാളുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തത്. കൊല നടത്തിയതിന് ശേഷം അടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റില്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചിരുന്നു. തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുന്നതിനിടെ നാട്ടുകാര്‍ പീതാംബരന് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഇത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല