സ്വന്തം ലേഖകന്‍: ‘മോദി എനിക്ക് ഏട്ടനെപ്പോലെ; അദ്ദേഹത്തിന് ഞാന്‍ അനുജനും,’ പ്രധാനമന്ത്രിയെ പുകഴ്ത്തി മുഹമ്മദ് ബിന്‍ സല്മാന്; 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി കിരീടാവകാശി; ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി; ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ ഒരുമിച്ച് പോരാടാന്‍ പ്രതിജ്ഞയെടുത്ത് ഇന്ത്യയും സൗദിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് ആരാധനയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനിലെ ചര്‍ച്ചയ്ക്കിടെയാണ് ബിന്‍ സല്മാന് മോദിയെ പുകഴ്ത്തിയത്.
‘ഞാന്‍ മോദിയെ ആരാധിക്കുന്നു. മോദിയെനിക്ക് ഏട്ടനെപ്പോലെയാണ്. അദ്ദേഹത്തിന് ഞാന്‍ അനുജനെപ്പോലെയും,’ എം.ബി.എസ് പറഞ്ഞു. 70 വര്‍ഷത്തോളുമായി സൗദി അറേബ്യ നിര്‍മ്മിക്കാന്‍ ഇന്ത്യക്കാര്‍ സഹായിക്കുകയാണ്. സൗദിയില്‍ അവര്‍ സുഹൃത്തുക്കളെപ്പോലെയാണ്. ഇരു രാജ്യങ്ങള്‍ക്കും വേണ്ടി ഈ ബന്ധം കുറേക്കൂടി ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയാണ് ഇന്നു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്ഥാനെ കുറിച്ചും അതിര്‍ത്തി കടന്നുള്ള ഭീകരതയെ കുറിച്ചും സൗദി രാജകുമാരന് പരാമര്‍ശിച്ചില്ല.
850 ഇന്ത്യന്‍ തടവുകാരെ ജയില്‍ നിന്ന് വിട്ടയയ്ക്കാനും എംബിഎസ് ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടവകാശി 850 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് വെളിപ്പെടുത്തിയത്. ഹജ്ജ് ക്വാട്ട രണ്ടു ലക്ഷമാക്കി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം സൗദി കിരീടാവകാശി പ്രഖ്യാപിച്ചു.
മുഹമ്മദ് ബിന്‍ സല്മാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം വിവിധ രംഗങ്ങളില്‍ സഹകരണം വര്ധിപ്പികുമെന്നു ഉറപ്പ് നല്കി അഞ്ച് ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. ഇന്ത്യക്കും സൗദിക്കുമിടയില്‍ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 3.84 ലക്ഷമാക്കും. നേരിട്ടുള്ള വിമാന സര്‍വിസുകളുടെ എണ്ണവും സൗദി വര്‍ധിപ്പിക്കും. പ്രവാസികള്‍, സൗദി പൗരന്മാര്, ടൂറിസ്?റ്റുകള്‍ എന്നിവര്‍ക്കാകും ഈ സൗകര്യം പ്രയോജനപ്പെടുക.
ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികള്‍ സൗദി അറേബ്യ നടത്തും. ഊര്‍ജം, പെട്രോളിയം, അടിസ്ഥാന സൗകര്യ വികസനം, കൃഷി എന്നീ രംഗങ്ങളിലാണ് നിക്ഷേപ പദ്ധതികള്‍.പാക്കിസ്ഥാനില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് സൗദി പ്രഖ്യാപിച്ചത്. നേരത്തെ ഇന്ത്യയിലെത്തിയ ബിന്‍ സല്‍മാനെ പ്രോട്ടോക്കോള്‍ ലംഘിച്ച് മോദി കെട്ടിപ്പിടിച്ചത് വിവാദമായിരുന്നു. പാക്കിസ്ഥാന് 20 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്ത, പാക്കിസ്ഥാന്റെ ‘തീവ്രവാദ വിരുദ്ധ’ ഉദ്യമങ്ങളെ പ്രകീര്‍ത്തിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് വന്‍ വരവേല്‍പ്പ് നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു.
പാക്കിസ്ഥാന് സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് ബിന്‍ സല്മാന് ഇന്ത്യയില്‍ എത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് പ്രതിരോധത്തിലായ വേളയിലായിരുന്നു ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ സൗദി കിരീടാവകാശി പാക് സര്‍ക്കാരിന് ഉറച്ച പിന്തുണ അറിയിച്ചത് ശ്രദ്ധേയമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല