സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്കി സിവില്‍ ഏവിയേഷന്‍ അധികൃതര്‍. എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ ഇന്ത്യ കണ്ട്രോള് സെന്ററിലാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്കി.
മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ക്കിങ് ഏരിയയില്‍ എത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. യാത്രക്കാരുടെ ബാഗ്, കാര്‍ഗോ, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെയും പരിശോധന കൂടുതല്‍ കര്‍ശനമാക്കും. ദ്രുതകര്‍മസേനയെ സജ്ജമാക്കി നിര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയുണ്ടായ ഭീഷണി സന്ദേശം അധികൃതര്‍ ഗൗരവമായാണ് കാണുന്നത്. വിമാനങ്ങള്‍ റാഞ്ചുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിടുന്ന നിയമ ഭേദഗതി 2014ല്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. വിമാനം തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടെ യാത്രക്കാര്‍ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ മരണം സംഭവിച്ചാല്‍ റാഞ്ചികള്‍ക്ക് വധശിക്ഷ വരെ നല്കാന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി ബില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല