സ്വന്തം ലേഖകന്‍: പൊട്ടപ്പടങ്ങള്‍ക്കുള്ള ഓസ്കറായ റാസി പുരസ്കാരങ്ങളില് തിളങ്ങി ഹോംസ് ആന്‍ഡ് വാട്സന്; ട്രംപ് ഏറ്റവും മോശം നടന്. ഹോംസ് ആന്‍ഡ് വാട്സനാണ് ഏറ്റവും മോശം ചിത്രത്തിനുള്ള റാസി അവാര്‍ഡില്‍ നിറഞ്ഞുനിന്നത്. മോശം സംവിധായകനും സഹനടനും മോശം തുടര്‍ചിത്രത്തിനുമുള്ള അവാര്‍ഡുകളും ഈ ചിത്രം ‘സ്വന്തമാക്കി’. സംവിധായകനായി എതന്‍ കോഹനും സഹനടനായി ജോണ്‍.സി.റീലിയും തെരഞ്ഞെടുക്കപ്പെട്ടു. കെല്ലിയാനെ കോണ്‍വേയാണ് മോശം സഹനടി. ‘ഫിഫ്റ്റി ഷെയ്ഡെസ് ഫ്രീഡ്’ എന്ന ചിത്രത്തിനാണ് മോശം തിരക്കഥയ്ക്കുള്ള അവാര്‍ഡ്.
മോശം പ്രകടനത്തിനുള്ള ഗോള്‍ഡണ്‍ റാസ്പ്ബറി പുരസ്കാരങ്ങളില് (റാസി അവാര്‍ഡ്) രണ്ടെണ്ണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്വന്തമാക്കി. ഡെത്ത് ഓഫ് എ നേഷന്‍, ഫാരന്‍ഹീറ്റ് 11/9 എന്നീ ഡോക്യുമെന്ററികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള ട്രംപിന് ഏറ്റവും മോശം നടനുള്ള അവാര്‍ഡുകളാണു പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള ഓസ്കര് നാമനിര്‍ദേശം നേടിയ മെലിസ മക്കര്‍ത്തിയാണ് മോശം നടി.
ക്യാന്‍ യു എവര്‍ ഫൊര്‍ഗിവ് മീ എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ഓസ്കര് നോമിനേഷന് മെലിസ മക്കര്‍ത്തി നേടി!യത്. ഓസ്കറിന് നോമിനേറ്റു ചെയ്യപ്പെടുന്നവര്‍ അപൂര്‍വമായേ മോശം പ്രകടനത്തിനുള്ള അവാര്‍ഡ് സ്വീകരിക്കാന്‍ എത്താറുള്ളൂ. 2010ല്‍ സാന്ദ്രാബുള്ളോക്ക് മോശം നടിക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങാനെത്തി. ഇവര്‍ക്ക് പിന്നീട് നല്ല നടിക്കുള്ള ഓസ്കര് അവാര്‍ഡും കിട്ടി.
ഓസ്കര് അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമാണ് ഗോള്‍ഡന്‍ റാസ്പ്ബറി അവാര്‍ഡ് ഫൗണ്ടേഷന് റാസീസ് അവാര്‍ഡ് സമ്മാനിക്കുന്നത്. ഗോള്‍ഡന്‍ റാസ്ബെറി ഫൗണ്ടേഷനിലെ 800 ആയിരത്തോളം അംഗങ്ങള്‍ക്കാണ് റാസി അവാര്‍ഡ് ജേതാക്കളുടെ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല