സ്വന്തം ലേഖകന്‍: മഞ്ഞപ്പട അംഗം മാപ്പ് ചോദിച്ചു; വ്യാജപ്രചരണത്തിന് എതിരായ പരാതി പിന്‍വലിച്ച് സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരായ കേസ് ചെന്നൈയിന് എഫ്.സിയുടെ മലയാളി താരം സി.കെ വിനീത് പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരേ വ്യാജ പ്രചരണം നടത്തിയതിന് മഞ്ഞപ്പട ഗ്രൂപ്പ് അംഗത്തിനെതിരേ വിനീത് പോലീസില്‍ പരാതി നല്‍കിയിരുന്നു.
എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കായിരുന്നു വിനീത് പരാതി നല്‍കിയത്. കേസില്‍ പോലീസ് നടപടിയാരംഭിച്ചതോടെ തെറ്റായ കാര്യം പ്രചരിപ്പിച്ചതിന് മഞ്ഞപ്പട അംഗം വിനീതിനോട് രേഖാമൂലം ക്ഷമ ചോദിച്ചു. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് കേസ് അവസാനിപ്പിച്ചതായി വിനീത് പോലീസിനെ അറിയിക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന വിനീത് ഇപ്പോള്‍ വായ്പാ അടിസ്ഥാനത്തില്‍ ചെന്നൈയിന് എഫ്.സിക്ക് വേണ്ടിയാണ് കളിക്കുന്നത്. ഫെബ്രുവരി 15ന് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്.സി മത്സരത്തിനിടയില്‍ സി.കെ വിനീത് ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മാച്ച് കമ്മീഷണര്‍ സി.കെ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണമുണ്ടായി.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് വിനീത് പരാതി നല്‍കിയത്. മഞ്ഞപ്പടയിലെ ചിലര്‍ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ടെന്നും ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല