സ്വന്തം ലേഖകന്‍: ഉപരോധം ഏശിയില്ല! പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യമായി ഖത്തര്‍; ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമതെത്തി. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന്റെ നേട്ടം. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ ലോക രാജ്യമെന്ന് പദവിയും ഖത്തറിനാണ്.
യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയ ആഗോള മാര്‍ക്കറ്റിങ് വാര്‍ത്താവിനിമയ കമ്പനിയായ വി.എം.എല്‍.വൈ.ആറുമായി സഹകരിച്ച് തയ്യാറാക്കിയ ഗ്ലോബല്‍ കരിയര്‍ റാങ്കിങിലാണ് ഖത്തര്‍ നേട്ടമുണ്ടാക്കിയത്. പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക ജീവിതം തുടങ്ങാന്‍ ഏറ്റവും യോജിച്ച രാജ്യങ്ങളുടെ പട്ടികയില്‍ യൂറോപ്യന്‍ രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 75 വ്യത്യസ്ത ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥ, വന്‍തോതിലുള്ള വിദേശനിക്ഷേപം, മധ്യേഷ്യയിലെ ഏറ്റവും വലിയ കായിക കേന്ദ്രം, ലോകകപ്പ് ഫുട്ബോളിനുള്ള അടിസ്ഥാന സൗകര്യ വികസനം എന്നീ ഘടകങ്ങളാണ് ഖത്തറിന് തുണയായത്. മികച്ച തൊഴില്‍ വിപണി, വരുമാന തുല്യത, അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ സ്വായത്തമാക്കുന്നതിലെ മികവ് തുടങ്ങിയവയും പരിഗണനാ വിഷയങ്ങളായി.
എണ്‍പത് രാജ്യങ്ങളില്‍ നിന്നായി 35 വയസ്സില്‍ താഴെയുള്ള ഇരുപതിനായിരത്തിലേറെ യുവ പ്രൊഫഷണലുകളില്‍ നിന്ന് നടത്തിയ വിവരശേഖരണം വഴിയാണ് പട്ടിക തയ്യാറാക്കിയത്. റാങ്കിംഗില്‍ തുര്‍ക്കി രണ്ടാമതും യു.എ.ഇ മൂന്നാമമതുമാണ്. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ ലോക രാജ്യമെന്ന പദവിയും ഖത്തറിനാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഏഴ് സ്ഥാനം മുകളില്‍ കയറിയാണ് ഇത്തവണ ഖത്തര്‍ ഒന്നാമതെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല