സ്വന്തം ലേഖകന്‍: അടിയ്ക്ക് തിരിച്ചടി! പാക് മണ്ണില്‍ ഭീന്ത്യയുടെ മിന്നലാക്രമണം; ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്താന്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്റെ താവളമാണ് തകര്‍ത്തത്. ഇന്ത്യന്‍
ഭീകരകേന്ദ്രം പൂര്‍ണമായും തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ന് ആയിരുന്നു ആക്രമണം. രണ്ട് മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ആയിരം കിലോ സ്‌ഫോടനങ്ങള്‍ വ്യോമസേന ഉപയോഗിച്ചതായാണ് വിവരം. ആദ്യമായാണ് പാക്കിസ്ഥാനില്‍ കടന്നുകയറി ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുന്നത്. നേരത്തെ കാര്‍ഗില്‍ യുദ്ധത്തിലും മറ്റും പാക് അധീന കാഷ്മീരില്‍ വ്യോമസേന ആക്രമണം നടത്തിയിരുന്നെങ്കിലും പാക്കിസ്ഥാനില്‍ കടന്നിരുന്നില്ല.
പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിച്ച ശേഷം മിറാഷ് യുദ്ധ വിമാനങ്ങള്‍ സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തി. യുദ്ധ വിമാനങ്ങള്‍ക്ക് സഹായമായി ഡ്രോണുകളും ഇന്ധനം നിറയക്കുന്ന വിമാനങ്ങളും ആക്രമണത്തില്‍ പങ്കെടുത്തെന്ന് സൈന്യം പറയുന്നു. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വസ്ഥതകള്‍ പുകയുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണം.
ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെന്ന് നേരത്തെ പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ അതിര്‍ത്തി ലംഘിച്ചതായി പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് അറിയിച്ചത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നും ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ആദ്യ ട്വീറ്റ് പുറത്ത് വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല