സ്വന്തം ലേഖകന്‍: മുഖം രക്ഷിക്കാന്‍ പാടുപെട്ട് പാകിസ്താന്; യഥാസമയം ഉചിതമായ മറുപടി നല്‍കുമെന്ന് ഇമ്രാന് ഖാന്; ഇന്ത്യയ്ക്ക് പിന്തുണയുമായി ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍; സംയമനം പാലിക്കണമെന്ന് ചൈനയും ബ്രിട്ടനും ഓസ്ട്രേലിയയും; സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക. ഭീകര പരിശീലന ക്യാംപ് തകര്‍ത്തതിനെ അതിര്‍ത്തി കടന്നുള്ള ആക്രമണമായാണ് ഇസ്ലാമാബാദ് ചിത്രീകരിക്കുന്നത്. തുറന്ന യുദ്ധത്തിലേക്ക് പോകാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെങ്കിലും പുല്‍വാമ ആക്രമണവും തിരിച്ചടിയും കശ്മീര്‍ പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നു നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ജയ്ഷെ മുഹമ്മദ് ഭീകര പരിശീലനക്യാംപിനു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്ന് കുറ്റപ്പെടുത്തിയപ്പോള്‍ പാക് സൈന്യത്തെയോ ജനങ്ങളെയോ അല്ല ഭീകരതാവളത്തെയാണ് ലക്ഷ്യമിട്ടതെന്ന് ഇന്ത്യ മറുപടി കൊടുക്കുകയും ചെയ്തു. ബാലാകോട്ടില്‍ ഭീകരപരിശീലന കേന്ദ്രങ്ങളുണ്ടെന്നതു രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുള്ളതാണെന്ന കാര്യവും ഇന്ത്യയ്ക്കു തുണയായി.
അതിര്‍ത്തി ലംഘിച്ച് ആക്രമിച്ച ഇന്ത്യക്ക് യഥാസമയം ഉചിതമായ മറുപടി നല്കുമെന്നു പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യ ഞെട്ടുന്ന തിരിച്ചടിയാകും ഉണ്ടാകുകയെന്നു പാക്കിസ്ഥാന് കരസേനയുടെ വക്താവും പ്രതികരിച്ചു. പാകിസ്ഥാനിലെ ബാലാകോട്ടില്‍ മുന്നൂറിലേറെ ഭീകരരെ വധിച്ചുവെന്ന ഇന്ത്യയുടെ പ്രസ്താവന പാകിസ്ഥാന് സ്വീകരിക്കുന്നില്ല. എന്നാല്‍ ഇന്ത്യ അത്രയും ഉള്ളില്‍ കടന്ന് ബോംബിട്ടു എന്ന് സമ്മതിച്ചു. പാകിസ്ഥാന് വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
ഇന്ത്യയ്ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക. പാക് മണ്ണിലെ ഭീകരര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യയോടും പാക്കിസ്ഥാനോടും സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്നും മൈക്ക് പോംപിയോ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്നും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേര്‍ത്തു.
പാക് മണ്ണിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഉഭകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു. ചൈനയിലെ വുഷനില് നടക്കുന്ന റഷ്യ, ഇന്ത്യ, ചൈന (ആര്‍ഐസി) വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയ്ക്കു മുന്നോടിയായിരുന്നു ലുവിന്റെ പ്രതികരണം. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ബ്രിട്ടന് ആവശ്യപ്പെട്ടു. പ്രത്യാക്രമണത്തിനു മുതിരരുതെന്നും ചര്‍ച്ചകളിലൂടെ സമാധാനപരമായി പരിഹാരം കണ്ടെത്തണമെന്നും ഓസ്ട്രേലിയ ആവശ്യപ്പെട്ടു.
സ്വന്തം മണ്ണില്‍ ഭീകരസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പാക്കിസ്ഥാന് ഇനിയും അനുവദിക്കരുതെന്നും ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി മാരിസ് പെയ്ന് ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്കുന്നു. സ്വന്തംമണ്ണില്‍ ഭീകരസംഘടനകളുടെ പ്രവര്‍ത്തനം പാക്കിസ്ഥാന് അവസാനിപ്പിക്കണമെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം വക്താവ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല