സ്വന്തം ലേഖകന്‍: വീണ്ടും സൗഹൃദഹസ്തം നീട്ടി കിമ്മും ട്രംപും; രണ്ടാം ഉച്ചകോടിക്ക് തുടക്കമായി; ഹാനോയിയിലെ നക്ഷത്രഹോട്ടലില്‍ അത്താഴ വിരുന്ന്. യുഎസ് പ്രസിഡന്റ് ട്രംപും ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്കു തുടക്കം. വിയറ്റ്നാം തലസ്ഥാനത്തെ മെട്രോപോള്‍ ഹോട്ടലില്‍ യുഎസ്, ഉത്തര കൊറിയ പതാകകളുടെ പശ്ചാത്തലത്തില്‍ ഇരുവരും കണ്ടു. 20 മിനിട്ട് കൂടിക്കാഴ്ചയ്ക്കു ശേഷം അത്താഴവിരുന്നും നടന്നു. ഇന്നും നാളെയുമാണ് ഔദ്യോഗിക ചര്‍ച്ചകള്‍. വേദി വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പുരില്‍ നടന്ന ഒന്നാം ഉച്ചകോടിയില്‍ ആണവനിരായുധീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകളാണു നടന്നതെങ്കിലും അത് എങ്ങനെ നടപ്പാക്കണമെന്നു ധാരണയായിരുന്നില്ല. തുടര്‍നടപടികളില്‍ ഉത്തര കൊറിയ താല്പര്യം കാണിക്കുന്നില്ലെന്ന് യുഎസിനു പരാതിയുമുണ്ട്. കൊറിയന്‍ ഉപദ്വീപിനെ ആണവവിമുക്തമാക്കുന്നതില്‍ വ്യക്തമായ ധാരണകളിലെത്തുകയാണു രണ്ടാം ഉച്ചകോടിയുടെ ലക്ഷ്യം. ഈ ഉച്ചകോടി കിമ്മിനു മുന്നിലുള്ള വന്‍ അവസരമാണെന്നു ഹാനോയിയിലെത്തിയ ശേഷം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും സ്റ്റാഫ് മേധാവി മിക്ക് മള്വനിയുമാണു ട്രംപിനൊപ്പമുള്ളത്. കിമ്മിനൊപ്പം വിശ്വസ്ത നയതന്ത്ര പ്രമുഖന് കിം യോങ് ചോളും വിദേശകാര്യമന്ത്രി റി യോങ് ഹോയും. മാധ്യമസംഘം ഒപ്പമില്ലാതെയാണ് യുഎസ് പ്രസിഡന്റ് ഹാനോയിയില്‍ എത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയുടെ അതീവരഹസ്യസ്വഭാവം പരിഗണിച്ചാണു മാധ്യമങ്ങളെ ഒഴിവാക്കിയതെന്നു വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്സ് പറഞ്ഞു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നടന്ന കൂടിക്കാഴ്ചയില്‍ പ്രതീക്ഷ ഉണ്ടെന്ന് കിം ജോങ് ഉന്നും പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല