സ്വന്തം ലേഖകന്‍: ‘തിരിച്ചു തരണം, ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ,’ അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നയതന്ത്രതല നീക്കം ശക്തമാക്കി ഇന്ത്യ; പ്രാര്‍ഥനയോടെ കുടുംബം; അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ തന്നെ നടത്തണമെന്നാണ് കമാന്‍ഡരുടെ കുടുംബത്തിന്റെ ആവശ്യം. മാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ വന്ന് തിരിച്ച് പോയ അഭിനന്ദന് പാകിസ്ഥാന്റെ കസ്റ്റഡിയിലായതിന്റെ ഞെട്ടലിലാണ് സ്വദേശമായ മാടന്‍പാക്കത്തെ പ്രദേശവാസികള്‍.
ദക്ഷിണമേഖല സൈനിക ക്യാമ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പാര്‍ലമെന്റ് അംഗങ്ങളും വിങ് കമാന്‍ഡറുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. എയര്‍മാര്‍ഷലും നാല്പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്ന സിംഹക്കുട്ടി വര്‍ധമാന്റെ മകനാണ് വിങ് കമാന്‍ഡ് അഭിനന്ദന് വര്ധമാന്. കാര്‍ഗില്‍ യുദ്ധസമയത്ത് വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡ് ചീഫ് ആയിരുന്നു എസ്. വര്ധമാന്.
ബംഗളൂരുവിലും ഡല്‍ഹിയിലുമായുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും തുടര്‍ന്ന് വ്യോമസേനയിലും ചേര്‍ന്ന കാഞ്ചീപുരം സ്വദേശിയായ വര്ധമാന് ആറ് വര്‍ഷം മുമ്പാണ് ചെന്നൈ മാടമ്പാക്കത്തെ ഡിഫന്‍സ് അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറിയത്.
അഭിനന്ദനിനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും തേടണമെന്ന് ഡിഎംകെ അടക്കം രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്. പാക് കസ്റ്റഡിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദനെ സുരക്ഷിതനായി തിരിച്ചുകിട്ടാനായി നയതന്ത്രതല നീക്കം ശക്തമാക്കി ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന് യാതൊരു പീഡനവും ഏല്‍ക്കേണ്ടിവരില്ലെന്ന് പാകിസ്താന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യാന്തര തലത്തില്‍ പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് തീരുമാനം.
അന്തര്‍ദേശീയ തലത്തില്‍ നയതന്ത്രസമ്മര്‍ദ്ദം ശക്തമാക്കുന്നതടക്കം സാധ്യമായ മുഴുവന്‍ വഴികളും ഇന്ത്യ തേടും. പാക് ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയതോടെ പാകിസ്താന് കൂടുതല്‍ പ്രതിരോധത്തിലായി. അതിര്‍ത്തിയില്‍ ഇന്നും പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു.
ഇതിനിടെ പാകിസ്താനെതിരെ കൂടുതല്‍ ലോകരാജ്യങ്ങള്‍ രംഗത്തുവന്നു. ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് തലവനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും യു.എന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല