1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2019

സ്വന്തം ലേഖകന്‍: തലയുയര്‍ത്തി, നെഞ്ചുവിരിച്ച് ഇന്ത്യയുടെ വീരപുത്രന്‍ വാഗാ അതിര്‍ത്തി കടന്നുവരും; പ്രത്യേക വിമാനത്തില്‍ ലാഹോറിലെത്തിക്കുന്ന അഭിനന്ദനെ ഉച്ചയ്ക്ക് ശേഷം ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്താന്‍; സ്വീകരിക്കാന്‍ വ്യോമസേനയുടെ പ്രത്യേക സംഘം; അഭിനന്ദന്റെ മാതാപിതാക്കള്‍ക്ക് രാജകീയ വരവേല്‍പ്പ്. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാര്‍ അമൃത്സറിലെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാര്‍ക്ക് വിമാന യാത്രക്കാരില്‍ നിന്ന് ലഭിച്ചത് രാജകീയ വരവേല്‍പ്പായിരുന്നു.

വിമാനത്തില്‍ കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയില്‍ ഈ വിവരം അറിഞ്ഞ യാത്രക്കാര്‍ വിമാനം ഇറങ്ങിയതും തങ്ങളുടെ സ്‌നേഹവും ബഹുമാനവും കൈയ്യടിച്ചു കൊണ്ട് പങ്കുവെച്ചു.ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങവെ അഭിനന്ദന്റെ വീട്ടുകാര്‍ക്ക് ആദ്യം ഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ വര്‍ത്തമനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് പാക് പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചിരുന്നു. അഭിനന്ദന്‍ റാവല്‍ പിണ്ടിയില്‍ നിന്ന് ലാഹോറിലേക്ക് തിരിച്ചു. പ്രത്യേക വിമാനത്തിലാണ് ലാഹോറിലേക്ക് പാകിസ്താന്‍ അഭിനന്ദനെ എത്തിക്കുന്നത്. അവിടെ നിന്ന് റെഡ്‌ക്രോസ്സിന് കൈമാറും. അതിന് ശേഷം പ്രാഥമികമായ ആരോഗ്യപരിശോധനകള്‍ റെഡ്‌ക്രോസ്സ് നടത്തും. തുടര്‍ന്ന് റെഡ്‌ക്രോസ്സാണ് വാഗാ അതിര്‍ത്തിയിലേക്കെത്തിക്കുന്നത്.

ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ ലാഹോറില്‍ നിന്ന് വാഗാ അതിര്‍ത്തിയിലേക്കുള്ളൂ. വ്യോമസേനയുടെ പ്രത്യേക സംഘം അദ്ദേഹത്തെ വാഗാ അതിര്‍ത്തിയില്‍ സ്വീകരിക്കും. അച്ഛനും അമ്മയും ഭാര്യയും അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയിട്ടുണ്ട്. വ്യോമ സേന ഉദ്യോഗസ്ഥര്‍ ഇദ്ദേഹവുമായി സംസാരിക്കും.വന്‍ സ്വീകരണമാണ് ജനങ്ങളും വിങ് കമാന്‍ഡറിന്നായി ഇവിടെ ഒരുക്കിയിരിക്കുന്നത്.

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ വളരെപെട്ടന്ന് തന്നെ കൈമാറാനുള്ള പാക് തീരുമാനത്തിന് പിന്നില്‍ ഇന്ത്യയുടെ ശക്തമായ നയതന്ത്ര നീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. 30 മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം എത്തുന്നത്.

യുദ്ധതടവുകാരെ എത്രയും പെട്ടെന്ന് അതാത് രാജ്യങ്ങള്‍ക്ക് കൈമാറണമെന്ന ജനീവ ഉടമ്പടി പ്രകാരം ആണ് തീരുമാനമെന്ന് പാകിസ്താന്‍ പറയുന്നുണ്ടെങ്കിലും ഇതിനായി പല രീതിയിലുള്ള നയതന്ത്ര നീക്കങ്ങളാണ് ഇന്ത്യ നടത്തിയത്. ഇമ്രാന്റെ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്‌തെങ്കിലും ‘സമാധാന സന്ദേശ’മാണ് നടപടിയെന്ന അദ്ദേഹത്തിന്റെ നിലപാട് തള്ളി. അഭിനന്ദനെവെച്ച് വിലപേശലിന് തയ്യാറല്ലെന്നും അദ്ദേഹത്തെ സുരക്ഷിതനായി നിരുപാധികം തിരിച്ചുതരണമെന്നും ഇന്ത്യ കര്‍ക്കശ നിലപാട് എടുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.