സ്വന്തം ലേഖകന്‍: ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളന വേദിയില്‍ കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനം; ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടരുതെന്ന് ഇന്ത്യയുടെ മറുപടി. ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപ്പറേഷനിലെ (ഒഐസി) 57 രാജ്യങ്ങളും ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തിലാണ് കശ്മീരില്‍ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന വിമര്‍ശനമുയര്‍ന്നത്. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ അടുത്ത ദിവസമാണ് പ്രമേയം പാസാക്കിയതെന്നും ശ്രദ്ധേയമാണ്.
നേരത്തേ, സുഷമാ സ്വരാജിനെ അതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി സമ്മേളനത്തില്‍ പങ്കെടുക്കാതെ പിന്മാറിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച സുഷമാ സ്വരാജ് ഭീകരതയ്ക്കെതിരെയാണ് ഇന്ത്യ പോരാടുന്നതെന്നും, അതിന് ഒരു മതവുമായും ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു.
പ്രമേയത്തില്‍ ‘നിരപരാധികളായ കശ്മീരികള്‍ക്ക് മേല്‍ ഇന്ത്യ ഭരണകൂട ഭീകരത പ്രയോഗിക്കുന്നു’, ‘മേഖലയില്‍ നടക്കുന്നത് ഇന്ത്യന്‍ തീവ്രവാദം’, ‘ജമ്മു കശ്മീരില്‍ കാണാതാകുന്ന യുവാക്കളെക്കുറിച്ച് പിന്നീടാര്‍ക്കും അറിവില്ല’ തുടങ്ങിയ പരാമര്‍ശങ്ങളുണ്ട്. ഭീകരതയ്ക്കെതിരെയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരെയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞിരുന്നു. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
പ്രമേയത്തിനെതിരെ ശക്തമായ ഭാഷയിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. സുഷമാ സ്വരാജിനെ പ്രത്യേക അതിഥിയായി സ്വാഗതം ചെയ്തതില്‍ നന്ദി അറിയിക്കുന്നെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി. ഇവിടത്തെ പ്രശ്നങ്ങള്‍ ആഭ്യന്തരകാര്യമാണെന്നും ഇതില്‍ വേറെ ആരും ഇടപെടേണ്ടതില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല