സ്വന്തം ലേഖകന്‍: എസ്.എന്‍.സി ലാവ്‌ലിനില്‍ കുരുങ്ങി കനേഡിയന്‍ മന്ത്രിയുടെ കസേര തെറിച്ചു. എസ്.എന്‍.സി ലാവ്‌ലിനുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് കനേഡിയന്‍ മന്ത്രി രാജിവെച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഏറ്റവും വിശ്വസ്തയായ മന്ത്രിയായ ട്രഷറി ബോര്‍ഡ് പ്രസിഡന്റ് ജെയ്ന്‍ ഫില്‍പോട്ടാണ് രാജിവെച്ചത്.
‘ഞാന്‍ എന്റെ മൂല്യങ്ങള്‍ ചേര്‍ത്തുപിടിക്കും. എന്റെ ധാര്‍മ്മിക ഉത്തരവാദിത്തങ്ങളും ഭരണഘടനാ പരമായ ചുമതലകളും,’ ജെയ്ന്‍ പ്രസ്താവനയില്‍ അറിയിച്ചു. ‘മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ വലിയ വില നല്‍കേണ്ടിവരും. എന്നാല്‍ അതിനെ ഒഴിവാക്കുകയാണെങ്കില്‍ അതില്‍ക്കൂടുതല്‍ വില നല്‍കേണ്ടിവരും,’ ജെയ്ന്‍ പ്രസ്താവനയില്‍ പറയുന്നു.
മുന്‍ നീതി മന്ത്രിയും എസ്.എന്‍.സി ലാവ്‌ലിന്‍ തട്ടിപ്പിന്റെ കേന്ദ്രസ്ഥാനത്തുണ്ടായിരുന്ന അറ്റോര്‍ണി ജനറലുമായ ജോഡി വില്‍സണ്‍ റേബൗള്‍ഡിന്റെ അടുത്ത അനുയായിയാണ് ജെയ്ന്‍ ഫില്‍പോട്ട്. ലിബിയയിലെ കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ എസ്.എന്‍.സി ലാവ് ലിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തീരുമാനം അട്ടിമറിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും മറ്റുമുള്ള 11 ഉദ്യോഗസ്ഥര്‍ തന്നെ പ്രേരിപ്പിച്ചതായി വില്‍സണ്‍ റെബൗള്‍ഡ് കഴിഞ്ഞയാഴ്ച കോമണ്‍സ് കമ്മിറ്റിക്കുമുമ്പാകെ മൊഴി നല്‍കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ജെയ്‌നിന്റെ രാജി. എസ്.എന്‍.സി ലാവ്‌ലിന്റെ കാര്യത്തില്‍ സ്വതന്ത്രമായ ഒരു നീതിന്യായ വ്യവസ്ഥ നിലനിര്‍ത്തേണ്ട ആവശ്യമുണ്ടെന്ന് ജെയ്ന്‍ പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ വാദം നടത്തുമ്പോള്‍ അറ്റോര്‍ണി ജനറല്‍ ഒരുതരത്തിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്നാണ് നിയമമെന്നും അവര്‍ പറഞ്ഞു. കേസില്‍ എസ്.എന്‍.സി ലാവ്‌ലിന്‍ കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഫെഡറല്‍ കരാറുകള്‍ ലഭിക്കുന്നതില്‍ കമ്പനിക്ക് 10 വര്‍ഷത്തെ നിരോധനം നേരിടേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല