സ്വന്തം ലേഖകന്‍: ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരമായി ബഹിരാകാശത്ത് വമ്പന്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ചൈന. പ്രായോഗിക തലത്തില്‍ ഏറെ വെല്ലുവിളികളുള്ള പദ്ധതിയാണിത്. ആ വെല്ലുവിളികളെ തരണം ചെയ്യാനായാല്‍ ഊര്ജോല്പാദന രംഗത്തെ വലിയൊരു വഴിത്തിരിവാകും അത്. ബഹിരാകാശത്ത് വെച്ച് ഊര്ജോല്പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് ഭൂമിയിലെ നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ് ചൈനയുടെ പദ്ധതി.
വായുമലിനീകരണത്തിനും ആഗോള താപനത്തിനും കാരണമാകുന്ന ഭൂമിയില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഊര്‍ജ സ്രോതസുകളെ മാറ്റി നിര്‍ത്താന്‍ ഇതുവഴി സാധിക്കും. നിലവില്‍ ഉപയോഗിച്ചുവരുന്ന അത്രത്തോളം ഫലപ്രദമല്ലാത്ത പുനരുപയോഗ ഊര്‍ജ ഉറവിടങ്ങള്‍ക്ക് പകരമാവാനും ഈ പദ്ധതിയ്ക്ക് സാധിച്ചേക്കും.
ബഹിരാകാശത്ത് ഉപയോഗിക്കാനുള്ള സോളാര്‍ പാനല്‍ നിര്‍മിക്കുന്നത് ഏറെ ചിലവേറിയ കാര്യമാണ്. എന്നാല്‍ പുനരുപയോഗ ഊര്‍ജ നിര്‍മാണത്തിനായി 36,700 കോടി ഡോളര്‍ ചിലവിടാന്‍ ചൈന തയ്യാറാണ്. 2050 ഓടെ ഇങ്ങനെ ഒരു സോളാര്‍ പാനല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാവുമെന്നാണ് ചൈന എയറോസ്പേയ്സ് ആന്റ് ടെക്നോളജി കോര്‍പറേഷന്റെ പ്രതീക്ഷ.
ബഹിരാകാശത്ത് സോളാര്‍ പാനല്‍ വഴി നിര്‍മിക്കുന്ന ഊര്‍ജം സൂക്ഷ്മ തരംഗങ്ങള്‍ (മൈക്രോവേവ്) ആയോ ലേസര്‍ രൂപത്തിലോ ആയിരിക്കും ഭൂമിയിലേക്ക് അയക്കുക. എന്നാല്‍ ഇത് മനുഷ്യര്‍ക്കും, മറ്റ് ജീവജാലങ്ങള്‍ക്കും ഭീഷണിയാകാന്‍ ഇടയുണ്ടെന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും ചൈന അക്കാഡമി ഓഫ് സ്പേസ് ടെക്നോളജിയിലെ ഗവേഷകന് പാങ് ഷിഹാവോ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല