സ്വന്തം ലേഖകന്‍: കൊളംബിയയിലും എതോപ്യയിലും വിമാനദുരന്തങ്ങള്‍; കൊളംബിയയില്‍ ലേസര്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി; എതോപ്യയില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 157 മരണം. കൊളംബിയയില്‍ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡി.സി3 എന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്.
തെക്കന്‍ കൊളംബിയയിലെ സാന്‍ ഹൊസെ ഗവിയേരയില്‍നിന്ന് വില്ലാവിന്‍സെസിയോ നഗരത്തിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്. 30 സീറ്റുള്ള വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന. മോശം കാലാവസ്ഥമൂലം അടുത്തുള്ള വിമാനത്താവളത്തില്‍ ഇറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനം തകര്‍ന്നതായി കണ്ടെത്തിയത്.
157 യാത്രക്കാരുമായി പുറപ്പെട്ട എതോപ്യന്‍ യാത്രാ വിമാനം തകര്‍ന്നു വീണു. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലേക്ക് പോുകയായിരുന്ന വിമാനമാണ് അപടകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന മുഴുവനാളുകളും മരിച്ചതായി എതോപ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരിച്ചവരില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെടും.
എതോപ്യന്‍ തലസ്ഥാനമായ ഏദിസ് അബാബയില്‍ നിന്നും കെനിയയിലെ നെയ്റോബിയിലേക്ക് തിരിച്ച എതോപ്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. പ്രാദേശിക സമയം രാവിലെ 8.44നാണ് അപകടം. ബോയിങ് 737 നിരയിലുള്ള വിമാനം ടേക്ഓഫ് ചെയ്ത് ആറു മിനിറ്റിനകം തകര്‍ന്നു വീഴുകയായിരുന്നു.
149 യാത്രക്കാരും എട്ടു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 33 രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു യാത്രക്കാര്‍. ആഡിസ് അബാബക്ക് തെക്കു കിഴക്ക് ബിഷോഫ്തുവിലാണ് വിമാനം നിലംപതിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
നാല് ഇന്ത്യക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കെനിയ 32, എതോപ്യ 17, ചൈന എട്ട്, കാനഡ 18, യു.എസ് എട്ട്, ബ്രിട്ടന് എട്ട് എന്നിങ്ങനെയാണ് കൊല്ലപ്പെട്ട മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ കണക്ക്. യു.എന്‍ പാസ്പോര്‍ട്ടുള്ള നാല് പേരും വിമാനത്തിലുണ്ടായിരുന്നു. മികച്ച തൊഴില്‍ പരിചയമുള്ള പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നതെന്നും കഴിഞ്ഞമാസം ആദ്യ സര്‍വ്വീസ് നടത്തിയ പുതിയ വിമാനമാണ് അപടത്തില്‍പ്പെട്ടതെന്നും എയര്‍ലൈന്‍സ് സി.ഇ.ഒ ടെവോള്‍ഡ് ഗബ്രെമറിയം പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല