സ്വന്തം ലേഖകന്‍: റഷ്യന്‍ സൈബര്‍ സുരക്ഷാ ബില്ലിനെതിരെ പ്രതിഷേധം ഇരമ്പുന്നു; ബില്‍ പാസായാല്‍ റഷ്യ ഇന്റ്ര്നെറ്റിന്റെ വലയത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന് സമരക്കാര്‍. ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന സൈബര്‍ സുരക്ഷാ ബില്ലിനെതിരെ റഷ്യയില്‍ വന്‍ പ്രതിഷേധം. മോസ്കോയിലും മറ്റ് നഗരങ്ങളിലുമായി നടന്ന പ്രക്ഷോഭ പരിപാടികളില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. കഴിഞ്ഞ മാസം ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെയാണ് അതിനെതിരെ പ്രതിഷേധം കനത്തത്.
സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റഷ്യയുടെ സൈബറിടത്തെ ആഗോള ഇന്റര്‍നെറ്റ് ശൃംഖലയില്‍ നിന്നും വേര്‍പെടുത്തുന്നതിന് അനുവാദം നല്‍കുന്നതാണ് ബില്ല് എന്നാണ് റഷ്യന്‍ ഭരണകൂടത്തിന്റെ വിശദീകരണമെങ്കിലും ഇത് ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് ശക്തമാക്കുന്നതിനും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതിനുമുള്ള നീക്കമാണ് എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ഞായറാഴ്ച മോസ്കോയില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ 15,000 പേരാണ് പങ്കെടുത്തതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ‘ഇന്റര്‍നെറ്റില്‍ നിന്നും കയ്യെടുക്ക് ‘, ‘ഒറ്റപ്പെടുത്തല്‍ വേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങളും ബില്ലിനെതിരെ വലിയ പ്രസംഗങ്ങളും നടന്നു. പ്രതിഷേധ പ്രകടനം നടത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല.
ഈ മാസം അവസാനം ബില്ലിനുമേലുള്ള രണ്ടാം വോട്ടെടുപ്പ് നടക്കും. ബില്‍ പാസായാല്‍ അതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന് ഒപ്പുവെക്കും. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്റര്‍നെറ്റിനുമേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് റഷ്യ ഭരണ കൂടം. അധികാരികളെ അപമാനിക്കും വിധമുള്ള ഉള്ളടക്കങ്ങളും വ്യാജവാര്‍ത്തകളും നിയമവിധേയമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല