സ്വന്തം ലേഖകന്‍: എത്യോപ്യന്‍ വിമാന ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും; ബോയിംഗിനോട് വിശദീകരണം തേടി ഇന്ത്യ. എത്യോപ്യന്‍ വിമാനം തകര്‍ന്ന് മരിച്ച നാല് ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും ഉള്‍പ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. യുഎന്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗയാണ് മരിച്ചത്.
അപകടത്തില്‍ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായും ഇവരുടെ ആശ്രിതര്‍ക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പറക്കലിനിടെ തകര്‍ന്നു വീണ എത്യോപ്യന്‍ വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ഞായറാഴ്ച എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍നിന്ന് കെനിയയിലെ നെയ്റോബിയിലേക്കു പോകുകയായിരുന്ന ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യ, കാനഡ, ചൈന, അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ്, ഈജിപ്ത് തുടങ്ങിയ രാജ്യത്തുനിന്നുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു.
ദുരന്തത്തിനു പിന്നാലെ ബോയിംഗ് കന്പനിയോട് വിശദീകരണം തേടി ഇന്ത്യ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആറു മാസത്തിനിടെ ബോയിംഗ് 737ന്റെ രണ്ടു വിമാനങ്ങള്‍ തകര്‍ന്ന സാഹചര്യത്തിലാണ് ഡിജിസിഎ കമ്പനിയോട് വിവരങ്ങള്‍ തേടിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല