സ്വന്തം ലേഖകന്‍: ‘എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണം,’ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എയുടെ അന്ത്യശാസനം; തീരുമാനം എത്യോപ്യന്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍. വ്യോമയാന സെക്രട്ടറി എല്ലാ വിമാനകമ്പനികളുടെയും അടിയന്തരയോഗം വിളിച്ചു. വൈകീട്ട് നാലിനാണ് യോഗം. എല്ലാ ബോയിങ് 737 മാക്സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണമെന്ന് കമ്പനികള്‍ക്ക് ഡി.ജി.സി.എ നിര്‍ദേശം നല്കി. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിമാനത്തിന്റെ ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്താനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. അഞ്ച് മാസത്തിനിടെ രണ്ട് വിമാനദുരന്തങ്ങളാണ് ഉണ്ടായത്. എത്യോപ്യയില്‍ ബോയിങ് 737 മാക്സ്എട്ട് വിമാനം തകര്‍ന്നുവീണ് 157 പേര് മരിച്ചതോടെയാണ് വിമാനത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നത്.
ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ഫ്ളൈറ്റ് 610 ഉം ബോയിങ് 737 മാക്സ് 8 വിമാനമായിരുന്നു. രണ്ട് വിമാനങ്ങളും തകര്‍ന്ന് വീണത് ടേക്ക് ഓഫ് ചെയ്ത ഉടനെയായിരുന്നു. രണ്ട് ദുരന്തങ്ങളിലും ഉള്‍പ്പെട്ട വിമാനങ്ങള്‍ സര്‍വീസില്‍ നിന്നും പിന്‍വലിക്കാന്‍ ചൈനയും എത്യോപ്യയും തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല