സ്വന്തം ലേഖകന്‍: നീരവ് മോദിയ്ക്ക് ജാമ്യമില്ല; ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത് കൊടും കുറ്റവാളികള്‍ക്കൊപ്പം; പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു പണം തട്ടിച്ചു നാടുവിട്ട വജ്രവ്യാപാരി നീരവ് മോദിയെ സ്കോട്ലന്ഡ് യാര്‍ഡ് ലണ്ടനില്‍ അറസ്റ്റ് ചെയ്തു. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ മോദിക്കു ജാമ്യം നല്‍കിയില്ല. മാര്‍ച്ച് 29 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. നീരവ് മോദിയെ (48) ഇന്ത്യന്‍ അധികൃതര്‍ക്കുവേണ്ടി ചൊവ്വാഴ്ച ഹോള്‍ബോണില്‍നിന്ന് അറസ്റ്റ് ചെയ്തതായി മെട്രോപൊളിറ്റന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.
നീരവ്മോദിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. നേരത്തേ പുറത്തുവന്ന വാര്‍ത്തകളെ സാധൂകരിക്കുന്ന തരത്തിലാണു മോദിയുടെ അറസ്റ്റ്. മോദി ഒളിവില്‍ കഴിയുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്ന ലണ്ടനിലെ വെസ്റ്റ് എന്‍ഡിലെ വസതിയില്നിന്നുതന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ബാങ്കുകള്‍ക്കു കുടിശിക വരുത്തി ലണ്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യ നേരിടുന്ന നടപടികളാണ് നീരവ് മോദിയും നേരിടേണ്ടി വരുക. 2017 ഏപ്രിലില്‍ ഇന്ത്യയുടെ പുറത്താക്കല്‍ ഹര്‍ജിയെത്തുടര്‍ന്ന് മല്യയെ അറസ്റ്റ് ചെയ്തു കോടതില്‍ ഹാജരാക്കിയിരുന്നു. യുകെ ആഭ്യന്തരസെക്രട്ടറി സാജിദ് ജാവേദ് പുറത്തിറക്കിയ തിരിച്ചയയ്ക്കല്‍ ഉത്തരവിനെതിരേ മല്യ വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. നീരവ് മോദിയുടെ പുറത്താക്കല്‍ ഹര്‍ജിക്ക് കഴിഞ്ഞമാസമാണ് ആഭ്യന്തരസെക്രട്ടറി അനുമതി നല്‍കിയത്.
മോദി ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ സെന്റര്‍ പോയിന്റ് ടവര്‍ ബ്ലോക്കില്‍ ആഡംബര ഫ്ളാറ്റിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ വര്‍ഷം ലണ്ടനിലെത്തിയെന്നാണ് കുരുതുന്നത്. 2018 ഫെബ്രുവരിയില്‍ ഇന്ത്യന്‍ അധികൃതര്‍ പാസ്പോര്‍ട്ട് റദ്ദാക്കിയിട്ടും നാലു തവണ മോദി ബ്രിട്ടനില്‍നിന്നു വിദേശയാത്ര നടത്തിയിട്ടുണ്ട്.
ഓള്‍ഡ് ബോണ്ട് സ്ട്രീറ്റില്‍ അടഞ്ഞുകിടക്കുന്ന നീരവ് മോദി എന്നു പേരുള്ള മോദിയുടെ ആഭരണക്കടയുടെ മുകളില്‍ ഇയാള്‍ താമസിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ മോദി വാച്ചുകളുടെയും ആഭരണങ്ങളുടെയും വ്യാപാരം നടത്തുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു വ്യാജരേഖകള്‍ ചമച്ച് 13,500 കോടി രൂപ തട്ടിയെടുത്ത മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും 2018 ജനുവരിയിലാണ് ആണ് ഇന്ത്യ വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല