സ്വന്തം ലേഖകന്‍: സൗദിയില്‍ അക്കൗണ്ടിങ് ജോലികളിലേര്‍പ്പെടുന്നവര്‍ക്കുള്ള പുതിയ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. ഇന്നലെ മുതല്‍ ആരംഭിച്ച പുതിയ നിയമം മലയാളികളുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് പുതിയ വെല്ലുവിളിയായി. താമസരേഖ എടുക്കുന്നതിനും പുതുക്കുന്നതിനും ജോലി മാറ്റത്തിനുമെല്ലാം രജിസ്ട്രേഷന് നിര്‍ബന്ധ ഉപാധിയായിരിക്കുകയാണ്.
പുതിയ ഹിജ്റ വര്‍ഷാരംഭമായ ഇന്നലെ മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. സൗദിയില്‍ അക്കൗണ്ടിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കുമാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയത്. പ്രത്യേക വെബ്സൈറ്റായ eservice.socpa.org.sa വഴിയാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
താമസരേഖ എടുക്കല്‍, പുതുക്കല്‍, ജോലി മാറ്റത്തിനുമെല്ലാം രജിസ്ട്രേഷന് നിര്‍ബന്ധ ഉപാധിയായി നിശ്ചയിച്ചിട്ടുണ്ട്. ഈ മേഖലയിലെ തൊഴില്‍ അവസ്ഥകളും ആവശ്യകതകളും അറിയാന്‍ സഹായിക്കുന്നതാണ് പുതിയ നിയമമെന്ന് സൗദി സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി അഹ്മദ് അബ്ദുല്ല അല്‍മഗാമിസ് പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയാനും അക്കൗണ്ടിങ്, ഓഡിറ്റ് മേഖല നല്കുന്ന സാധ്യതകള്‍ അറിയാനും ഇതുവഴി സാധിക്കും. അക്കൗണ്ടിങ് ജോലി സംബന്ധിച്ച് വിശദമായ പഠനത്തിനുള്ള അവസരവുമാണിത്. ഈ മേഖല വിദേശികളെ എത്രതോളം ആശ്രയിച്ചിരിക്കുന്നുവെന്നും സ്വദേശികള്‍ കുറവുള്ള തൊഴിലവസരങ്ങള്‍ ഏതെന്ന് അറിയാനും സാധിക്കും.
മേഖലയില്‍ ആളുകളെ കൂടുതല്‍ കഴിവുറ്റവരാകുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും ഓര്ഗനൈസേഷന് വിവിധ പരിശീലന പരിപാടികള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല