സ്വന്തം ലേഖകന്‍: സിറിയയില്‍ തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും കീഴടങ്ങിയതായി അമേരിക്ക; സൈന്യത്തെ പിന്‍വലിച്ചതായും പ്രഖ്യാപനം; എന്നാല്‍ ബഗ്ദാദി എവിടെയെന്ന് ലോകം. സിറിയയില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പൂര്‍ണമായും നശിപ്പിച്ചുവെന്ന് അവകാശപ്പെട്ട് അമേരിക്ക. ലക്ഷ്യം നേടിയതിനെ തുടര്‍ന്ന് സ്വന്തം സൈന്യത്തെ സിറിയയില്‍നിന്നു പിന്‍വലിച്ചെന്നും യുഎസ് പറയുന്നു.
സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) ഇതു സ്ഥിരീകരിച്ചിട്ടുണ്ട്. ഐഎസിന്റെ അവസാന താവളവും വീണെങ്കിലും അവരുടെ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും വിമതസേനാസഖ്യം പ്രഖ്യാപനം നടത്തുകയും ചെയ്തു. ടണലുകളില്‍ കഴിഞ്ഞിരുന്ന നിരവധി ഐഎസ് ഭീകരരാണു പുറത്തെത്തി അമേരിക്കന്‍ നേതൃത്വത്തിലുള്ള സേനയ്ക്കു മുന്നില്‍ കീഴടങ്ങുന്നത്.
കീഴടങ്ങുന്ന വിദേശ ഭീകരര്‍ ഭാവിയില്‍ ഭീഷണിയാകുമെന്നും അത് ഒഴിവാക്കണമെന്നും സിറിയയിലെ കുര്‍ദ് സേന മുന്നറിയിപ്പു നല്കുന്നു. ഇനിയും കുടുതല്‍ ഭീകരര്‍ ടണലുകളില്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വിലയിരുത്തുന്നു. കിഴക്കന്‍ സിറിയയിലെ ബഗൗസില്നിന്നാണ് അവസാനത്തെ ജിഹാദിയെയും പിടികൂടിയതെന്നാണു സൂചന.
പക്ഷേ സിറിയയുടെ വിദൂര മരുഭൂമിയിലും ഇറാഖിലെ നഗരങ്ങളിലും ഐഎസ് ഭീകരര്‍ ഒളിവിലുണ്ടെന്നാണു നിഗമനം. അതേസമയം, ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി എവിടെയാണെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ജീവനോടെയോ അല്ലാതെയോ ബഗ്ദാദിയെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണു വിവരം. ബഗ്ദാദി ഇറാഖില്‍ ഉണ്ടെന്നാണ് യുഎസിന്റെ കണക്കുകൂട്ടല്‍.
2014 ജൂലൈയില്‍ മൊസൂളിലെ ഗ്രേറ്റ് മോസ്കില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയാണ് ഐഎസ് തലവനായ അബൂബക്കര്‍ അല്‍ ബഗ്ദാദി ലോകത്തെ മുസ്ലിംകളുടെ ‘ഖലീഫ’യായി സ്വയം പ്രഖ്യാപിച്ചത്. ടൈഗ്രിസ് നദിയൊഴുകുന്ന മൊസൂള്‍ ചരിത്രശേഷിപ്പുകളുടെയും വ്യവസായങ്ങളുടെയും നഗരമായിരുന്നു. സമ്പന്നമായ എണ്ണപ്പാടങ്ങളുള്ള മൊസൂളിനെ തലസ്ഥാനമാക്കിയായിരുന്നു ഐഎസിന്റെ പിന്നീടുളള വളര്‍ച്ച.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല