സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിസഭയിലെ 11 മുതിര്‍ന്ന മന്ത്രിമാര്‍ ഒറ്റക്കെട്ടായി മേയുടെ രാജി ആവശ്യപ്പെട്ടേക്കും. 10 ദിവസത്തിലധികം പ്രധാനമന്ത്രി സ്ഥാനത്തു മേ തുടരില്ലെന്ന് ഒരു മന്ത്രി തെളിച്ചു പറഞ്ഞുകഴിഞ്ഞു.
ഉപപ്രധാനമന്ത്രി ഡേവിഡ് ലിഡിങ്ടന് തനിക്ക് ഇടക്കാല പ്രധാനമന്ത്രിയാകാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയതിനാല്‍ പരിസ്ഥിതികാര്യമന്ത്രി മൈക്കല്‍ ഗവ്, വിദേശകാര്യമന്ത്രി ജറമി ഹണ്ട് എന്നിവരില്‍ ഒരാള്‍ക്കാണു സാധ്യത. ഇന്നു സമ്മേളിക്കുന്ന പാര്‍ലമെന്റില്‍ ബദല്‍ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കാം.
ബ്രിട്ടന് വീണ്ടുമൊരു ജനഹിതപരിശോധനയിലേക്കോ പൊതുതിരഞ്ഞെടുപ്പിലേക്കോ പോവാനുള്ള സാധ്യതയുമുണ്ട്.
എന്നാല്‍, പ്രധാനമന്ത്രിയെ മാറ്റുന്നതുകൊണ്ടു പരിഹാരമാകില്ലെന്ന് ധനമന്ത്രി ഫിലിപ് ഹാമണ്ട് വ്യക്തമാക്കി. ഒന്നുകില്‍ പാര്‍ലമെന്റ് മേയുടെ തീരുമാനം അംഗീകരിക്കണം, അല്ലെങ്കില്‍ വേറെ പരിഹാരമാര്‍ഗം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന് വിടാനുള്ള തീരുമാനം നടപ്പാക്കാന്‍ മേയ് 22 വരെ സമയം കിട്ടും. ഇല്ലെങ്കില്‍ യൂണിയനുമായി കരാറിലെത്താതെ ഏപ്രില്‍ 12ന് പിരിയേണ്ടിവരും. അതിനിടെ ബ്രെക്സിറ്റ് ഹിതപരിശോധന വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ലണ്ടനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി.ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു വാദിക്കുന്നവരാണു മാര്‍ച്ച് സംഘടിപ്പിച്ചത്.
പാര്‍ലമെന്റിനു മുന്നിലൂടെ നടന്ന മാര്‍ച്ചില്‍ പത്തുലക്ഷത്തിലധികം പേര് പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. പ്രധാനമന്ത്രിപദം രാജിവയ്ക്കാന്‍ മേയ്ക്കുമേല്‍ സ്വന്തം പാര്‍ട്ടിയില്‍നിന്നു ശക്തമായ സമ്മര്‍ദമുണ്ട്. ഇക്കാര്യത്തില്‍ മേയ്ക്ക് അന്ത്യശാസനം നല്കാന് ചില മന്ത്രിമാരും എംപിമാരും ആലോചിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല