സ്വന്തം ലേഖകന്‍: കൊറിച്ചുകൊണ്ടുള്ള ടിവി കാണല്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. കൌമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗവും പ്രമേഹവും കൂടുന്നതായി കണക്കുകള്‍. കൗമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗികളുടെയും പ്രമേഹ രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുമായി അമേരിക്കയിലെ ഗവേഷകര്‍. മണിക്കൂറുകളോളം നീണ്ട ഇരുന്നുള്ള ടിവി കാണലും വീഡിയോ ഗെയിമും ഒപ്പം അനാരോഗ്യകരമായ ഭക്ഷണങ്ങളും കൗമാരക്കാരെ ഗുരുതര രോഗാവസ്ഥയിലേക്ക് തള്ളി വിടുന്നെന്ന് ഈ പഠനം സൂചിപ്പിക്കുന്നു.
അമേരിക്കയിലെ ലൂസിയാനയിലുള്ള എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക പഠന റിപ്പോര്‍ട്ടായ എന്‍ഡോ 2019ലാണ് കൗമാരക്കാരിലെ അനാരോഗ്യകരമായ ഭക്ഷണരീതിയുടെ പ്രത്യാഘാതങ്ങള്‍ വിശദീകരിക്കുന്നത്. കായികാധ്വാനമില്ലാതെ, അനങ്ങാതെ ഇരുന്ന് ടിവി കാണുന്നതിനിടെയിലെ പോപ്പ് കോണ്‍ ഉള്‍പ്പടെയുള്ള ലഘുഭക്ഷണങ്ങള്‍ കഴിക്കുന്ന രീതി കൗമാരക്കാരില്‍ മെറ്റബോളിക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനം പറയുന്നത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവും ശരീരത്തിലെ ക്രമമല്ലാത്ത കൊഴുപ്പിന്റെ തോതും വയറിന്റെ ഭാഗത്തായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതുമൊക്കെ ചേര്‍ന്ന അനാരോഗ്യകരമായ അവസ്ഥയാണ് മെറ്റബോളിക് സിന്‍ഡ്രോം.
ഇത് ഹൃദ്രോഗത്തിനും സ്ട്രോക്കിനും പ്രമേഹത്തിനും ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ലോകത്ത് മെറ്റബോളിക് സിന്‍ഡ്രോം 25 ശതമാനം മുതിര്‍ന്നവരിലും 5.4 ശതമാനം കുട്ടികളിലും കൗമാരക്കാരിലും കാണപ്പെടുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളിലെ മണിക്കൂറുകള്‍ നീണ്ട ടിവിക്ക് മുന്നിലെ സമയം ചെലവഴിക്കല്‍ ഒഴിവാക്കലാണ് മെറ്റബോളിക് സിന്‍ഡ്രോം എന്ന ഗുരുതര അവസ്ഥയെ നേരിടാനുള്ള പോംവഴി. അതിനു സാധിക്കില്ലെങ്കില്‍ ടിവി കാണുന്നതിനിടയിലെ ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കല്‍ ഉറപ്പായും ഈ രോഗാവസ്ഥയെ മറികടക്കാന്‍ സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ഗവേഷകരിലൊരാളായ ബിയാട്രീസ് ഷാന്‍ പറയുന്നു.
കൗമാരക്കാരിലെ ഹൃദ്രോഗ സാധ്യതകളെ കുറിച്ച് ബ്രസീലിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ ഭാഗമായാണ് ഈ പഠന റിപ്പോര്‍ട്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്. 12 മുതല്‍ 17 വരെ പ്രായമുള്ള 33,900 വിദ്യാര്‍ത്ഥികളില്‍ നിന്നാണ് സര്‍വേയ്ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. പഠനത്തിന്റെ ഭാഗമായി കുട്ടികളുടെ അരക്കെട്ടിന്റെ അളവെടുക്കുകയും രക്ത സാമ്ബിളുകള്‍ ശേഖരിച്ച് അന്നജത്തിന്റെയും കൊഴുപ്പിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും തോത് കണക്കാക്കിയുമാണ് പഠനം പൂര്‍ത്തിയാക്കിയത്.
85 ശതമാനത്തോളം വിദ്യാര്‍ത്ഥികളും ടിവി കാണുമ്ബോള്‍ ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്ന പതിവുള്ളവരാണ്. 64 ശതമാനം കുട്ടികളും വീഡിയോ ഗെയിം കളിക്കുമ്ബോള്‍ ചെറുഭക്ഷണങ്ങള്‍ കഴിക്കാറുണ്ടെന്നും പഠനത്തില്‍ നിന്നും വ്യക്തമായി. 2.5 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും മെറ്റബോളിക് സിന്‍ഡ്രോം ഉള്ളതായി തെളിഞ്ഞു. ആറ് മണിക്കൂറിലേറെ സമയം, ടിവിക്ക് മുന്നില്‍ ചെലവഴിക്കുന്നവര്‍ക്ക് ഇത്രനേരം ടിവി കാണാത്തവരെ അപേക്ഷിച്ച് മെറ്റബോളിക് സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത 71 ശതമാനം വരെ കൂടുതലാണെന്നും പഠനം തെളിയിക്കുന്നു.
ഒപ്പം, ഈ രോഗാവസ്ഥയെ ഗുരുതരമാക്കുന്നത്, ടിവി യുടെ മുന്നിലിരുന്നുള്ള ഭക്ഷണം കഴിക്കുന്ന ശീലം തന്നെയാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇടയ്ക്കിടെയുള്ള നിയന്ത്രണമില്ലാത്ത ഭക്ഷണം കഴിക്കല്‍ ഒഴിവാക്കികൊണ്ട് ടിവിക്ക് മുന്നില്‍ സമയം ചെലവഴിക്കുകയാണെങ്കില്‍ മെറ്റബോളിക് സിന്‍ഡ്രോം ബാധിക്കാനുള്ള സാധ്യത വിരളമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല