സ്വന്തം ലേഖകന്‍: മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചു; ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം; നാടകീയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി. ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചെന്നും ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
മിഷന് ശക്തി എന്നാണ് ദൗത്യത്തിന് പേരിട്ടതെന്നും അത് വിജയകരമായെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മിനിറ്റിനുള്ളില്‍ ദൗത്യം ലക്ഷ്യം കണ്ടെന്നും ബഹിരാകാശത്തെ ലക്ഷ്യം വെച്ച ഉപഗ്രഹത്തിനെ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചത്. ഇന്ത്യ ബഹിരാകാശത്തെ വലിയ ശക്തിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇനി ഇന്ത്യയ്ക്ക് സാധിക്കും. ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം മിസൈലുകള്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നിമിഷമാണ്. കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തുനിന്നുപോലുമുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയാകുമെന്നും മോദി പറഞ്ഞു.
ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാന്‍ പരിശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു രാജ്യത്തിനുമെതിരെ മിസൈല്‍ പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. സുരക്ഷയ്ക്കുവേണ്ടിയുള്ള പ്രതിരോധ നീക്കം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണം ഒരു അന്താരാഷ്ട്ര നിയമങ്ങളെയോ കരാറുകളേയോ ലംഘിക്കുന്നതല്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് സുപ്രധാന വിവരം അറിയിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്ത ശേഷമാണ് പ്രാധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വാര്‍ത്താ സമ്മേളനത്തിന് മുമ്പ് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല