സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് പ്രതിസന്ധി; മൂന്നു മന്ത്രിമാര്‍ കൂടി മന്ത്രിസഭ വിട്ടു; പാര്‍ലമെന്റില്‍ ഒറ്റപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയ്; രാജി ആസന്നമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ബ്രെക്സിറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിക്കൊരുങ്ങുന്നുവെന്ന് സൂചന. ബ്രെക്സിറ്റ് കരാറിനെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയിലും തനിക്ക് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മേ രാജിക്കൊരുക്കുന്നത്.
ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതുമായി ബന്ധപ്പെട്ട ബ്രെക്സിറ്റ് കരാര്‍ വിഷയത്തിലുള്ള നിയന്ത്രണം പ്രധാനമന്ത്രി തെരേസ മേയില്‍ നിന്നും പാര്‍ലമെന്റ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 27 വോട്ടിനാണ് മേ പരാജയപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് മൂന്നു മന്ത്രിമാരാണ് രാജി വച്ചത്. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി തെരേസാ മേയും രാജിക്കൊരുങ്ങുന്നത്. ഇന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
മേയുടെ കരാറിനെ വീണ്ടും തള്ളി മറ്റ് സാധ്യതകളാണ് ഭൂരിഭാഗം എം.പിമാരും പരിഗണിക്കുന്നത്. രണ്ടാം ഹിതപരിശോധന ഉള്‍പ്പെടെയുള്ള സാധ്യതകളും ഇന്നു പാര്‍ലമെന്റില്‍ വോട്ടിനിട്ടേക്കും. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളാണ് ബ്രെക്സിറ്റില്‍ തീരുമാനമെടുക്കാനുള്ള അവകാശം തന്നില്‍ നിന്നും മാറ്റി പാര്‍ലമെന്റിന് നല്കാന് മുന്‍കയ്യെടുത്തതെന്ന് മേ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മേ രാജിക്കൊരുങ്ങുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പാര്‍ലമെന്റംഗങ്ങളുമായി ഇന്ന് മേ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ മേ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച മൂന്നു മന്ത്രിമാര്‍ രാജിവച്ച് സര്‍ക്കാരിനെതിരേ വോട്ടു ചെയ്തു. ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ മേ കാബിനറ്റില്‍നിന്നു രാജിവച്ച മന്ത്രിമാരുടെ എണ്ണം 22 ആയി.
യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്ന റിച്ചാര്‍ഡ് ഹാരിംഗ്ടണ്‍, അലിസ്റ്റര്ബര്ട്ട്, സ്റ്റീവ് ബ്രയിന്‍ എന്നീ മന്ത്രിമാരാണു രാജിവച്ചത്. ഇവര്‍ ഉള്‍പ്പെടെ 30 ടോറി എംപിമാരാണ് സര്‍ക്കാരിനെതിരേ വോട്ടു ചെയ്തത്. ബദല്‍ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയാലും അംഗീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലന്നു മേ ചൂണ്ടിക്കാട്ടി. വരും വരായ്കകള്‍ പരിഗണിക്കാതെ കണ്ണുമടച്ച് പദ്ധതികള്‍ അംഗീകരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മേയ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല