1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2019

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍; ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് ഓര്‍മ വേണമെന്ന് അമേരിക്ക; : ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന; പൊതു ഇടമെന്ന് പാകിസ്ഥാന്‍. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് യു.എസ്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകാവുന്ന ബഹിരാകാശ മാലിന്യങ്ങളെ കുറിച്ച് രാജ്യങ്ങള്‍ ബോധവാന്‍മാരായിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന്‍ പറഞ്ഞു.

ഇത്തരം പരീക്ഷണങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങള്‍കൊണ്ട് ബഹിരാകാശം കുത്തഴിഞ്ഞ അവസ്ഥയിലാകുമെന്നും അത് എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും യു.എസ് മുന്നറിയിപ്പ് നല്‍കി. ബഹിരാകാശത്ത് ലോകരാജ്യങ്ങള്‍ സമാധാനം നിലനിര്‍ത്തണമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്. ബഹിരാകാശം മനുഷ്യരാശിയുടെ മുഴുവന്‍ പൊതുഇടമാണെന്നും ബഹിരാകാശത്തെ സൈനിക വത്കരിക്കുന്ന പ്രവണതകള്‍ക്ക് തടയിടണമെന്ന് പാക്കിസ്ഥാനും പ്രതികരിച്ചു.

ഇന്ത്യയുടെ മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട് ചൈനയേയും പാക്കിസ്ഥാനെയും കൂടാതെ മറ്റു ലോകരാജ്യങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2007ലാണ് ചൈന ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചത്. ചൈനയെ കൂടാതെ റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളും ഈ നേട്ടം കൈവരിച്ചു. ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ‘മിഷന്‍ ശക്തി’ എന്നാണ് ഈ പദ്ധതിയുടെ പേര്.ഇന്ത്യ 300 കിലോമീറ്റര്‍ ഉയരത്തില്‍ നടത്തിയ ഉപഗ്രഹവേധ പരീക്ഷണം നല്ലലക്ഷണമല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാര്‍മമെന്റ് റിസര്‍ച്ചിലെ സ്‌പേസ് സെക്യൂരിറ്റി ഫെലോ ഡാനിയല്‍ പൊറാസും പറഞ്ഞു.

ടെലികമ്യൂണിക്കേഷന്‍, ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍ എന്നിവ ധാരാളമുള്ള മേഖലയാണിത്. അന്താരാഷ്ട്ര ബഹിരാകാശനിലയവും ഈ പരിധിയിലാണ്. ഉപഗ്രഹം തകര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം 400 കിലോമീറ്റര്‍ ഉയരത്തിലേക്കുവരെ പോകാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തകര്‍ക്കുമ്പോഴുണ്ടാക്കുന്ന ബഹിരാകാശ മാലിന്യത്തിന്റെ പേരിലാണ് മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് ഉപഗ്രഹ പരീക്ഷണത്തിന് അനുമതി നല്‍കാതിരുന്നത്. ഇത്തരം മാലിന്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെയും സ്വന്തം ഉപഗ്രഹങ്ങളുടേയും തകര്‍ച്ചയ്ക്ക് കാരണമായേക്കാം എന്ന ആശങ്കയായിരുന്നു കാരണം.

അതേസമംയ മിഷന്‍ശക്തി പരീക്ഷണം മൂലം ബഹിരാകാശ മാല്യന്യം ഉണ്ടാകുമെന്ന സാധ്യതയെ വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞു. എല്ലാ മാലിന്യങ്ങളും പൂര്‍ണമായും നശിച്ച് ഭൂമിയിലേക്ക് തന്നെ പതിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.