സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ല; ഇന്ത്യയുമായുള്ള ബന്ധം ധൃഢമാക്കാനാണ് ആഗ്രഹമെന്നും അമേരിക്ക. അമേരിക്ക ഇന്ത്യന്‍ ഉപഗ്രഹവേധ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് പെന്റഗണ്‍. അമേരിക്ക ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ഡേവിഡ് ഡബ്ല്യൂ ഈസ്റ്റ്ബണ് പറഞ്ഞു.
ഡിഗോ ഗാര്‍ഷ്യയിലെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബേസില്‍ നിന്നും ചാര വിമാനം അയച്ച് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇത് നിഷേധിച്ചു. ‘അമേരിക്കയുടെ വസ്തുക്കളൊന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. മാത്രമല്ല ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കാനും കൂടുതല്‍ സംരഭങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമാണ് ആഗ്രഹിക്കുന്നത്,’ ഡേവിഡ് ഡബ്ല്യൂ ഈസ്റ്റ്ബണ് പറഞ്ഞു.
എന്നാല്‍ വ്യോമ സൈനീക നീക്കങ്ങള്‍ നിരീക്ഷിക്കുന്ന എയര്‍ക്രാഫ്റ്റ് സ്പോട്ട്സ് എന്ന ഏജന്‍സി പുറത്ത് വിട്ട വിവര പ്രകാരം ഡീഗോ ഗാര്ഷിയയില് നിന്നും അമേരിക്കന്‍ ചാര വിമാനം ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍ വിവരങ്ങള്‍ ചോര്‍ത്താനായി ബംഗാള്‍ ഉള്‍ക്കടലിലേക്ക് പോയി എന്നാണ് പറയുന്നത്. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകാവുന്ന ബഹിരാകാശ മാലിന്യങ്ങളെ കുറിച്ച് രാജ്യങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹന് പറഞ്ഞു.
ബുധനാഴ്ച്ചയാണ് ഉപഗ്രഹവേധ മിസൈന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ‘മിഷന് ശക്തി’ എന്നാണ് പദ്ധതിയുടെ പേര്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല