സ്വന്തം ലേഖകന്‍: ‘കാറിന്റെ ഡോര്‍ തള്ളിത്തുറന്ന് ബാഗ് തുറക്കാന്‍ പറഞ്ഞു,’ വനിതാ പോലീസ് വരട്ടെയെന്ന് നമിത; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ഉടക്കിയതില്‍ വിശദീകരണവുമായി താരത്തിന്റെ ഭര്‍ത്താവ്. തെന്നിന്ത്യന്‍ താരസുന്ദരി നമിത ഈയിടെ ഒരു യാത്രക്കിടയില്‍ പരിശോധനയ്‌ക്കെത്തിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവിച്ചതെന്തെന്ന് വിവരിച്ച് നമിതയുടെ ഭര്‍ത്താവ് വീരേന്ദ്ര ചൗധരി രംഗത്തെത്തിയിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു വാഹന പരിശോധന നടന്നത്.
ഒരു ഷൂട്ടിനായി താനും നമിതയും സേലം വഴി യേര്‍ക്കാടേക്ക് കാറില്‍ പോകുകയായിരുന്നു. വാഹനപരിശോധനയ്ക്കായി മൂന്നു തവണയായി പല ജംഗ്ഷനുകളില്‍ നിര്‍ത്തേണ്ടി വന്നുവെങ്കിലും അതെല്ലാം വളരെ സമാധാനപൂര്‍വം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സേലം യേര്‍ക്കാട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ വഴിയില്‍ കാത്തു നിന്നിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കാര്‍ നിര്‍ത്താനാവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ചൗധരി പറയുന്നു.
‘ഞങ്ങള്‍ കുറ്റവാളികളാണെന്ന മട്ടില്‍ അധികാരത്തോടെയായിരുന്നു അയാളുടെ പെരുമാറ്റം. വളരെയധികം ക്ഷീണിതയായിരുന്ന നമിത കാറിലെ പിന്‍സീറ്റില്‍ മയങ്ങുകയായിരുന്നു. ചോദ്യോത്തരങ്ങള്‍ക്കിടെ കാറിന്റെ പിന്‍വശത്തെ വാതില്‍ തുറക്കാനാവശ്യപ്പെട്ടു. നമിതയെ വിളിക്കാമെന്നു ഞാന്‍ പറഞ്ഞെങ്കിലും അതു വകവെക്കാതെ അയാള്‍ പിന്‍വശത്തെ വാതില്‍ ശക്തിയായി തുറന്നു. ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള പ്രവൃത്തിയില്‍ കാറിന്റെ വാതിലില്‍ ചാരിക്കിടന്നു വിശ്രമിക്കുകയായിരുന്ന നമിത പുറത്തേക്കു വീണില്ലെന്നേയുള്ളൂ.’ ചൗധരി പറഞ്ഞു.
നമിതയോട് ക്ഷമ ചോദിച്ച് ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ തെരച്ചില്‍ ആരംഭിച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും വസ്തുക്കള്‍ കടത്താനുള്ള ശ്രമമാണോയെന്നു പരിശോധിക്കുകയായിരുന്നു. ബാഗുകളും തുറന്നു കാട്ടണമെന്ന് പറഞ്ഞ ഉദ്യോഗസ്ഥന്‍ നമിതയുടെ വാനിറ്റി ബാഗ് തുറന്നു കാട്ടാന്‍ ആവശ്യപ്പെട്ടു. അതേ സമയം നമിത അത് നിരസിക്കുകയും വനിതാപോലീസിനെ വിളിക്കുകയാണെങ്കില്‍ അവര്‍ക്കുമുന്നില്‍ ബാഗ് തുറന്നുകാട്ടാമെന്നു മറുപടി നല്‍കി. ഇതാണ് സംഭവിച്ചത്.
അവര്‍ക്ക് അസൗകര്യമായി തോന്നിയപ്പോള്‍ അവര്‍ വനിതാ പോലീസിനെ വിളിക്കാനാവശ്യപ്പെട്ടു. അതവരുടെ അവകാശമല്ലേ? ഒരു സാധാരണക്കാരനാണ് ഇത് സംഭവിച്ചതെങ്കില്‍ ഇത്ര വലിയ പ്രശ്‌നമാകുമായിരുന്നില്ലയെന്നും നമിത ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ചെറിയ സംഭവം പെരുപ്പിച്ചുകാട്ടി വാര്‍ത്തകള്‍ പ്രചരിച്ചതെന്നും ചൗധരി വിമര്‍ശിച്ചു. സംഭവത്തെ തെറ്റായ രീതിയില്‍ എടുക്കരുതെന്നും രാജ്യത്തെ ഓരോ സ്ത്രീയും ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും വീരേന്ദ്ര ചൗധരി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല