സ്വന്തം ലേഖകന്‍: ബ്രെക്സിറ്റില്‍ വഴിമുട്ടി ബ്രിട്ടന്; ഇനിയെന്തെന്ന് ധാരണയില്ലാതെ സര്‍ക്കാരും ജനങ്ങളും; തമ്മിലടിച്ച് മന്ത്രിസഭ; ഗാലറിയില്‍ കളികാണാന്‍ യൂറോപ്യന്‍ യൂണിയന്; പ്രധാനമന്ത്രി പദമെന്ന മുള്‍ക്കിരീടം തലയണിഞ്ഞ് തെരേസാ മേയ്. യൂറോപ്യന്‍ യൂണിയനുമായി ഹൃദ്യമായ ബന്ധം തുടര്‍ന്നും നിലനിര്‍ത്തിയുള്ള ബ്രെക്സിറ്റോ, ബ്രെക്സിറ്റ് തന്നെ വേണ്ടെന്നു വയ്ക്കലോ, പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കലോ, ഏതു വേണമെന്ന ആശയക്കുപ്പം വ്യക്തമാണ്.
തെരേസ മേയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അഭിപ്രായ ഐക്യമില്ലാതെ തകര്‍ച്ചയുടെ വക്കിലാണ്. പെട്ടെന്നൊരു തിരഞ്ഞെടുപ്പു നടത്തുന്നത് ആത്മഹത്യാപരമാകുമെന്നു ബ്രെക്സിറ്റ് അനുകൂലിയായ ഒരു മന്ത്രി അഭിപ്രായപ്പെട്ടതായാണ് അറിയുന്നത്. ഭരണഘടനാപരമായി സാധ്യമായ മറ്റൊരു മാര്‍ഗവും ശ്രദ്ധനേടിയിട്ടുണ്ട്: അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന ബ്രെക്സിറ്റ് പ്രതിസന്ധിയുടെ നിയന്ത്രണം മുഴുവനും പാര്‍ലമെന്റ് പൊതുസഭയിലെ അംഗങ്ങള്‍ ഏറ്റെടുത്തിരുന്നു.
ഈ സാഹചര്യത്തില്‍ എലിസബത്ത് രാജ്ഞിക്കു നേരിട്ട് ഇടപെട്ട് മൃദുലമായൊരു ബ്രെക്സിറ്റ് (സോഫ്റ്റ് ബ്രെക്സിറ്റ്) തടയാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ അനുമാനമാണത്. അതു പക്ഷേ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാഹചര്യമാകും. പക്ഷേ, രാജ്ഞി ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും മൃദുബ്രെക്സിറ്റ് തടയാനുള്ള നീക്കത്തിനായി എംപിമാര്‍ സമ്മര്‍ദം ചെലുത്തില്ലെന്നുമുള്ള വ്യക്തമായ സൂചനകളാണു പുറത്തുവരുന്നത്.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംപിമാരില്‍ പകുതിയിലേറെപ്പേരും തെരേസ മേയ്ക്കു കത്തെഴുതി ആവശ്യപ്പെട്ടിരിക്കുന്നത് മൃദുബ്രെക്സിറ്റ് അംഗീകരിക്കുന്നതിനു പകരം യൂറോപ്യന്‍ യൂണിയനില്‍നിന്നു കരാറൊന്നുമില്ലാതെ പിന്മാറുന്നതിനുള്ള കാര്യങ്ങള്‍ ആലോചിക്കാനാണ്. പരമാവധി മേയ് 22നു മുന്‍പായി മേ രാജി വയ്ക്കണമെന്നും ഈ എംപിമാര്‍ ആവശ്യപ്പെടുന്നു.
‘സോഫ്റ്റ് ബ്രെക്സിറ്റ്’ എന്നാല്‍, യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറിക്കഴിഞ്ഞാലും ബ്രിട്ടന് യൂറോപ്യന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാനും മേയില്‍ നടക്കുന്ന യൂറോപ്യന്‍ തിരഞ്ഞെടുപ്പില്‍ ബ്രിട്ടനെ പ്രതിനിധീകരിച്ചു കണ്‍സര്‍വേറ്റിവ് എംപിമാര്‍ക്ക് വോട്ടു ചെയ്യാനും കഴിയുന്ന സാഹചര്യമാണ്. മേയ് ബ്രെക്സിറ്റ് കരാറുമായി നാലാം തവണയും പാര്‍ലമെന്റിലെത്തുകയാണ് നാളെ.
അതും പരാജയപ്പെട്ടാല്‍ പൊതുതിരഞ്ഞെടുപ്പിലേക്കു നീങ്ങാനാണ് അടുത്ത ഉപദേഷ്ടാക്കള്‍ തെരേസ മേയ്ക്കു മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശം. ഇങ്ങനെയൊരു സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിനു പ്രധാനമന്ത്രിയാകാനുള്ള സാധ്യത കൂടുതലാണെന്ന് നിരീക്ഷകര്‍ പറയുന്നു. എന്തായാലും രണ്ടാം ലോകയുദ്ധത്തിന് ശേഷം ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടന് കടന്നുപോകുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല