1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2011

കലാപത്തിന്റെ പിടിയില്‍പ്പെട്ട ലണ്ടന്‍ നഗരത്തില്‍ പോലീസിനെ സഹായിക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങുന്നു. പൊടുന്നനെ പടര്‍ന്നുപിടിച്ച കലാപം വ്യാപകമായ നാശനഷ്ടങ്ങള്‍ വിതച്ചുകൊണ്ട് മുന്നോട്ട് പോകുകയാണ്. സാമ്പത്തികമാന്ദ്യത്തിന്റെ ദുരിതങ്ങള്‍ നിറഞ്ഞ ജീവിതമാണ് ഒരുകൂട്ടം ആളുകളെ കലാപകാരികളാക്കിയതെങ്കില്‍ കള്ളന്മാരും കൊള്ളക്കാരും ഈയവസരം മുതലെടുക്കുകയായിരുന്നു. കലാപബാധിത പ്രദേശത്തെ കടകളും വ്യാപാരസ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. അതിനെത്തുടര്‍ന്നാണ് നാടിനെയും നാട്ടുകാരെയും സംരക്ഷിക്കാന്‍ ഇറങ്ങാമെന്ന് പ്രദേശവാസികള്‍ തീരുമാനിച്ചത്.

സൌതാളിലെ സിക്ക്‌ ഗുരുദ്വാര സംരക്ഷിക്കാന്‍ നൂറുകണക്കിന് സിക്കുകാരാണ് തടിച്ചുകൂടിയത്. കലാപത്തിന്റെ മറവില്‍ നടക്കുന്ന വ്യാപകമായ കൊള്ള അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് നാട്ടുകാരുടെ സംഘത്തിന്റെ നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. പോലീസിന് ഏറെ സഹായകരമായി മാറിയിരിക്കുന്ന ഇത്തരം നാട്ടുസംഘങ്ങളുടെ ഇടപെടല്‍ ശക്തമായാല്‍ കലാപം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നുതന്നെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ എന്‍ഫീള്‍ഡില്‍ എഴുപത് പേരുടെ സംഘത്തിന് നാട്ടുകാര്‍ തന്നെ രൂപം നല്‍കിയിട്ടുണ്ട്. കൊള്ളക്കാരെ പിടികൂടുന്നതിന് നാട്ടുകാരെ സഹായിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം. കലാപമുണ്ടായ സ്ഥലങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ സ്ഥലങ്ങളിലൊന്ന് എന്‍ഫീല്‍ഡിലാണ്. ഇവിടെ ധാരാളം വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെടുകയും തീവെയ്ക്കപ്പെടുകയും ചെയ്തു. ഇതിനെതിരെ പോലീസിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണ് ലണ്ടനിലെ ഭൂരിപക്ഷം ജനങ്ങളും. ഞങ്ങളെല്ലാവരും നികുതിയും മറ്റും അടയ്ക്കുന്നവര്‍തന്നെയാണ്. എന്നാല്‍ പോലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്ന തരത്തിലുള്ള ജനങ്ങളുടെ പ്രതികരണങ്ങള്‍ പോലീസിനോടും സര്‍ക്കാരിനോടുമുള്ള ജനങ്ങളുടെ അതൃപ്തി പ്രകടമാണ്.

നാട്ടുകാരുടെ സംഘങ്ങള്‍ ഉണ്ടാക്കിയതിന് പിന്നില്‍ പോലീസിനോടും സര്‍ക്കാരിനോടുമുള്ള അതൃപ്തിയാണ് പ്രകടമാകുന്നതെന്ന് നാട്ടുകൂട്ടത്തിന്റെ വക്താക്കള്‍തന്നെ വെളിപ്പെടുത്തുന്നുണ്ട്. അതേസമയം നാട്ടുകാരുടെ സംഘത്തിലേക്ക് ഓരോ ദിവസം ചെല്ലുംന്തോറും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ചേരുന്നതായിട്ടാണ് അറിയപ്പെടുന്നത്. പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അത്ര തൃപ്തിയില്ലാത്ത ജനങ്ങളാണ് സ്വയം സംഘടിക്കാനും കൊള്ളക്കാര്‍ക്കെതിരെ പോരാടാനും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കലാപം അടിച്ചമര്‍ത്തപ്പെട്ടുകഴിഞ്ഞാല്‍ ഈ ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയാനുള്ള സാധ്യതയാണ് ഭരണകൂടത്തെ പേടിപ്പിക്കുന്നത്. സൗത്ത്ഹാളില്‍ നൂറുകണക്കിന് സിഖുകാരാണ് തങ്ങളുടെ ആരാധനാലയത്തിനും വീടുകള്‍ക്കും സംരക്ഷണം നല്‍കാന്‍ കാവല്‍നില്‍ക്കുന്നത്. ഇങ്ങനെ പലയിടങ്ങളിലും നാട്ടുകാര്‍ സംഘടിച്ചിരിക്കുന്നത് കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.