സ്വന്തം ലേഖകന്‍: പെലെ സുഖമായിരിക്കുന്നു! അസുഖബാധിതനായി ആശുപത്രിയിലായ പെലെയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍. മൂത്രാശയ അണുബാധയെ തുടര്‍ന്ന് പാരിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫുട്ബോള്‍ ഇതിഹാസം പെലെ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വക്താവ്.
മൂത്രാശയ അണുബാധയെ തുടര്‍ന്ന് കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട പെലെയെ ബുധനാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നും വക്താവ് അറിയിച്ചു.
ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെയ്ക്കൊപ്പം പാരിസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെയാണ് 78കാരനായ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയ്ക്കായിരുന്നു ഇത്.
നേരത്തെ 2016 റിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്ന പെലെയ്ക്ക് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനായിരുന്നില്ല. 2014ല്‍ വൃക്ക രോഗത്തെ തുടര്‍ന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല