സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് പ്രതിസന്ധി അതിരൂക്ഷം; രണ്ടു ബ്രിട്ടീഷ് മന്ത്രിമാര്‍ രാജിവച്ചു; ജെറമി കോര്‍ബിനും തെരേസാ മേയും തമ്മില്‍ കൂടിക്കാഴ്ച. ബ്രെക്സിറ്റ് സംബന്ധിച്ച് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനുമായി പ്രധാനമന്ത്രി തെരേസാ മേ ചര്‍ച്ച നടത്തി. മേയുടെ നടപടിയില്‍ പ്രതിഷേധിച്ച് രണ്ടു മന്ത്രിമാര്‍ ഇന്നലെ കാബിനറ്റില്‍നിന്നു രാജിവച്ചു. ഡസന്‍ കണക്കിനു ടോറി പാര്ട്ടിക്കാര് അംഗത്വം ഉപേക്ഷിക്കുകയും കീറിക്കളഞ്ഞ അംഗത്വകാര്‍ഡുകളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ജൂണിയര്‍ ബ്രെക്സിറ്റ് മന്ത്രി ക്രിസ് ഹീറ്റണ്‍ ഹാരീസും വെയില്‍സ് കാര്യ മന്ത്രി നൈജല്‍ ആഡംസുമാണ് രാജിവച്ചത്. ഇതോടെ മേയുടെ കാബിനറ്റില്‍നിന്നു രാജിവച്ച മന്ത്രിമാരുടെ എണ്ണം എട്ടായി.
മേയ്ക്ക് എതിരേ കലാപമുയര്‍ത്തിയ ടോറി പാര്‍ട്ടി അംഗങ്ങള്‍ നേതൃമാറ്റത്തിനായി രഹസ്യ വോട്ടെടുപ്പു നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മേയും കോര്‍ബിനും രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തി. കൂടുതല്‍ ചര്‍ച്ച ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്. ലേബര്‍ നേതാവുമായി ചര്‍ച്ച നടത്തിയതിനെ മേ ന്യായീകരിച്ചു.
യൂറോപ്യന്‍ യൂണിയനില്‍നിന്നു വിട്ടുപോകണമെന്ന(ബ്രെക്സിറ്റ്) ജനവിധി നടപ്പാക്കാന്‍ എല്ലാ എംപിമാര്‍ക്കും ബാധ്യതയുണ്ടെന്നു വിമര്‍ശനത്തിനു മറുപടിയായി മേ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചയോടെ പുതുക്കിയ കരാര്‍ തയാറാക്കാനാണു മേയുടെ പരിപാടി. മേ അവതരിപ്പിച്ച കരാര്‍ മൂന്നുവട്ടം പാര്‍ലമെന്റ് തള്ളിയതാണ്. കരാറിനെതിരേ എംപിമാര്‍ കൊണ്ടുവന്ന ബദല്‍നിര്‍ദേശങ്ങളും തള്ളപ്പെട്ടു.
ഇടഞ്ഞുനില്‍ക്കുന്ന കടുത്ത ബ്രെക്സിറ്റ് വാദികളെ അനുനയിപ്പിക്കുകയും ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന ഡിയുപിയുടെ സഹായം തേടുകയും ചെയ്യുന്നതിനു ശ്രമിക്കാതെ ലേബര്‍ നേതാവിന്റെ സഹായത്തിനു പോകുന്നത് അംഗീകരിക്കാനാവില്ലെന്നു രാജി വച്ച മന്ത്രിമാര്‍ പറഞ്ഞു.
ഇതിനിടെ ബ്രെക്സിറ്റ് കാലാവധി ഹ്രസ്വകാലത്തേക്കു വീണ്ടും നീട്ടിത്തരാന്‍ സാധ്യമല്ലെന്നു യൂറോപ്യന്‍ കമ്മീഷണര്‍ ഷാന്‍ ക്ലോഡ് ജുന്‍കര്‍ വ്യക്തമാക്കി. ഏപ്രില്‍ 12നകം ബ്രിട്ടീഷ് പാര്‍ലമെന്റ് കരാര്‍ പാസാക്കണം. ഇപ്പോഴത്തെ നിലയില്‍ ഇതു സാധ്യമാവുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല