സ്വന്തം ലേഖകന്‍: ബ്രെക്സിറ്റ് ജൂണ്‍ 30 വരെ വൈകിപ്പിക്കണമെന്നു മേയ്; ഒരു വര്‍ഷത്തേക്ക് നീട്ടുകയാണ് നല്ലതെന്ന് യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ്. ബ്രെക്സിറ്റ് ജൂണ്‍ 30 വരെ വൈകിക്കാന്‍ അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഡോണള്‍ഡ് ടസ്കിന് അയച്ച കത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അഭ്യര്‍ഥിച്ചു. ബ്രെക്സിറ്റ് കാലാവധി ഒരുവര്‍ഷത്തേക്കു നീട്ടുന്നതാവും നല്ലതെന്നു ടസ്ക് അഭിപ്രായപ്പെട്ടു. ബുധനാഴ്ച ചേരുന്ന യൂറോപ്യന്‍ യൂണിയന്റെ അടിയന്തര ഉച്ചകോടിയാവും ഇക്കാര്യത്തില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുക.
പാര്‍ലമെന്റിന്റെ അംഗീകാരത്തോടെ വ്യക്തമായ ബ്രെക്സിറ്റ് പദ്ധതി മുന്നോട്ടു വയ്ക്കാന്‍ ബ്രിട്ടനു കഴിയുന്നില്ലെങ്കില്‍ ഇനിയും കാലാവധി നീട്ടരുതെന്നു ഫ്രാന്‍സ് അഭിപ്രായപ്പെട്ടു. മാര്‍ച്ച് 29നു നിശ്ചയിച്ചിരുന്ന ബ്രെക്സിറ്റ് ഏപ്രില്‍ 12വരെ (അടുത്ത വെള്ളിയാഴ്ച) നേരത്തേ ഇയു നീട്ടിക്കൊടുത്തതാണ്. ബുധനാഴ്ചത്തെ ഉച്ചകോടി മേയുടെ അഭ്യര്‍ഥന തള്ളുമെന്നാണു സൂചന. ഒരുവര്‍ഷത്തെ കാലാവധി എന്ന ടസ്കിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ മേ നിര്ബന്ധിതയായേക്കും.
അങ്ങനെ വന്നാല്‍ മേയ് 23 മുതല്‍ 26 വരെ നടക്കുന്ന യൂറോപ്യന്‍ യൂണിയന് തെരഞ്ഞെടുപ്പില്‍ ബ്രിട്ടന് പങ്കെടുക്കേണ്ടിവരുമെന്ന് ഒരു ഇയു ഉദ്യോഗസ്ഥന് പറഞ്ഞു. മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാര്‍ മൂന്നു വട്ടം ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയതാണ്. കരാര്‍ അംഗീകരിച്ചാല്‍ പ്രധാനമന്ത്രിപദം ഒഴിയാമെന്ന അവരുടെ വാഗ്ദാനവും ഫലം കണ്ടില്ല. കരാറിനു പിന്തുണ തേടി കഴിഞ്ഞ രണ്ടു ദിവസം പ്രതിപക്ഷ ലേബര്‍ നേതാവ് ജറമി കോര്‍ബിനുമായി മേ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു.
കോര്‍ബിനുമായി ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ച് കാബിനറ്റിലെ രണ്ടു ജൂണിയര്‍ മന്ത്രിമാര്‍ രാജിവച്ചു!. ഇതിനിടെ വീണ്ടും ഹിതപരിശോധനയെന്ന നിര്‍ദേശത്തിനു പിന്തുണ വര്‍ധിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല