സ്വന്തം ലേഖകന്‍: കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കണമെന്ന നിര്‍ദേശം വീണ്ടും ഉയരുന്നു. കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ചു വര്‍ഷമാക്കി നിജപ്പെടുത്തണമെന്ന നിര്‍ദേശം വീണ്ടും സജീവമാകുന്നു. ജനസംഖ്യാ ക്രമീകരണത്തിനായുള്ള ഉന്നത സമിതിയാണ് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന വിദേശികളെ തിരിച്ചയക്കണമെന്നു ശിപാര്‍ശ ചെയ്തത് . മന്ത്രിസഭാ ഉത്തരവിലൂടെ കാലാവധിനിയമം നടപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
കുവൈത്തിലെ വിദേശി സമൂഹത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശമാണ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കുന്നത്. വിദേശി സ്വദേശി അനുപാതത്തിലെ അന്തരം കുറക്കുന്നതിനും സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും വിദേശികളുടെ എണ്ണം കുറക്കേണ്ടത് അനിവാര്യമാണെന്ന നിലപാടാണ് രാജ്യത്തെ ഭൂരിപക്ഷം പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉള്ളത്.
വിദേശ രാജ്യങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കണമെന്നും തൊഴിലാളികളെ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാന്‍ അനുവദിക്കരുതെന്നും ഉള്ള നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റില്‍ ഉയര്‍ന്നിരുന്നു . നിലവില്‍ മുപ്പതു ലക്ഷം വിദേശികളും പതിനാലു ലക്ഷം സ്വദേശികളും എന്നതാണ് ജനസംഖ്യാ അനുപാതം. 670000 വിദേശികള്‍ ഗാര്‍ഹിക മേഖലയിലാണ് ജോലി ചെയ്യുന്നത്. താമസകാര്യ വകുപ്പിന്റെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ചു ഗാര്‍ഹിക ജോലിക്കാരില്‍ 55 ശതമാനം സ്ത്രീകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല