സ്വന്തം ലേഖകന്‍: ഇറാന് വിപ്ലവഗാര്‍ഡുകളെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു; യുഎസ് സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇറാന്റെ തിരിച്ചടി. ഇറാനിലെ വിശിഷ്ടസേനാ വിഭാഗമായ വിപ്ലവഗാര്‍ഡുകളെ ഭീകരസംഘടനയായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഒരു രാജ്യത്തിന്റെ സൈനിക വിഭാഗത്തെ അമേരിക്ക ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ആദ്യ സംഭവമാണ്. ഐഎസ്, അല്‍ക്വയ്ദ ഉള്‍പ്പെടെ അറുപതോളം സംഘടനകളാണു നിലവില്‍ ഭീകരപ്പട്ടികയില്‍ ഉള്ളത്.
ഭീകരതയെ സ്പോണ്സര് ചെയ്യുന്ന രാഷ്ട്രമാണ് ഇറാന്. വിപ്ളവഗാര്‍ഡുകള്‍ ഭീകര പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയും അതിനായി ധനസമാഹരണം നടത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അഭൂതപൂര്‍വ നടപടി സ്വീകരിച്ചതെന്നു ട്രംപ് വ്യക്തമാക്കി. 1979ലെ ഇസ്ലാമിക വിപ്ളവത്തിനുശേഷം രൂപീകൃതമായ വിപ്ളവഗാര്‍ഡ് സൈനിക വിഭാഗം പരമോന്നത നേതാവ് അയത്തൊള്ളാ അലി ഖമനയ്യുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു പ്രവര്‍ത്തിക്കുന്നത്. സാധാരണ സൈനികരെ അപേക്ഷിച്ച് ഇവര്‍ക്ക് വിപുലമായ അധികാരങ്ങളും അവകാശങ്ങളുമുണ്ട്.
രാഷ്ട്രീയ, സൈനിക, സാന്പത്തിക താത്പര്യങ്ങളുള്ള വിപ്ളവഗാര്‍ഡുകളുടെ പ്രധാന ചുമതല ഇസ്ലാമിക ഭരണസന്പ്രദായം സംരക്ഷിക്കുകയാണ്. ഈ സേനയിലെ ഖുഡ്സ് യൂണിറ്റ് സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിന്റെ ഭരണകൂടത്തിനും ലബനനിലെ ഹിസ്ബുള്ളയ്ക്കും സഹായവും പിന്തുണയും നല്കുന്നു. ഒന്നരലക്ഷം പേരുള്ള വിപ്ളവഗാര്‍ഡ് സൈനിക വിഭാഗത്തിന് സ്വന്തമായി വ്യോമ, നാവിക, കരസേനാ യൂണിറ്റുകളും ബാലിസ്റ്റിക് മിസൈലുകളുമുണ്ട്.
ഭീകരതയെ സ്പോണ്സര് ചെയ്യുന്ന രാജ്യമായി അമേരിക്കയെ പ്രഖ്യാപിച്ച ഇറാന് മേഖലയിലെ യുഎസ് സൈനികരെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി, വിപ്ലവഗാര്‍ഡുകളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കയുടെ നിയമവിരുദ്ധ നടപടിക്കുള്ള തിരിച്ചടിയാണിതെന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍നാ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല